കൊച്ചി: ഞായറാഴ്ച്ചകള്‍ ആനന്ദകരമാക്കാന്‍ ക്യൂന്‍സ് വോക്ക് വേ ഒരുങ്ങുന്നു. ഗോശ്രീ ചാത്യാത്ത് റോഡിലുള്ള ക്യൂന്‍സ് വോക്ക് വേയുടെ മുന്‍ഭാഗത്തുള്ള റോഡിന്‍റെ ഒരു വശം ഇനി മുതൽ ഞായറാഴ്ച്ചകളിൽ രാവിലെ 6 മുതൽ രാത്രി 10 വരെ വിനോദങ്ങൾക്കായി തുറന്ന് കൊടുക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിൽ തീരുമാനിച്ചു.
ജനുവരി 26ന് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും. വിജയകരമായാൽ തുടര്‍ന്നുള്ള ഞായറാഴ്ച്ചകളിലും പദ്ധതി നടപ്പിലാക്കും.

ഗോശ്രീ ചാത്യാത്ത് റോഡിൽ 1.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ക്യൂന്‍സ് വോക്ക് വേ
ഒരു മീറ്ററോളം കായലിലേക്ക് തള്ളി ക്യാന്‍ഡിലിവര്‍ സ്ലാബ് നിര്‍മ്മിച്ച് വീതി കൂട്ടിയ നടപ്പാത, നടപ്പാതയുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ലൈറ്റിംഗ് സംവിധാനങ്ങള്‍, ട്രീ ഹൈലറ്ററുകൾ തുടങ്ങിയവയാൽ മനോരഹരമാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓട്ടമേറ്റഡ് മ്യൂസിക്കൽ വോക്ക് വേയാണിത്. നാല് വരി പാതയിൽ രണ്ട് വരിയാണ് വിനോദങ്ങള്‍ക്കായി വിട്ടു നല്കുന്നത്. പാട്ട്, നൃത്തം, കളികള്‍, സ്കേറ്റിംഗ് തുടങ്ങിയവയ്ക്ക് സൗകര്യമൊരുക്കും. നാടന്‍ കളികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ടയര്‍ ഉരുട്ടൽ , പാള വലിക്കൽ , ഗോലി കളി, ഏറുപന്ത്, പൊടിക്കളി, അക്ക് കളി, ഈര്‍ക്കി കളി, അട്ടിയേറ്, തൊങ്കിത്തൊട്ട്, ഏറുപന്ത് തുടങ്ങിയ പുതു തലമുറയ്ക്ക് പരിചിതമല്ലാത്ത കളികൾ പരിചയപ്പെടാനും പഠിക്കാനും അവസരമൊരുക്കും. ഇഷ്ട ഗാനങ്ങൾക്കൊത്ത് റോഡിൽ ചുവട് വയ്ക്കാനുമുള്ള സൗകര്യവും ഉണ്ടാകും. സ്ട്രീറ്റ് മാജിക്, മങ്കി ഷോ, ഫ്ളാഷ് മോബ് തുടങ്ങിയവ ക്യൂന്‍സ് വേയെ കൂടുതൽ വ്യത്യസ്തമാക്കും. ലഘു ഭക്ഷണത്തിന് വാക്ക്വേയിൽ കുടുംബശ്രീയുടെ താൽക്കാലിക സ്റ്റാളുകള്‍ ക്രമീകരിക്കും. നാടന്‍ ഭക്ഷണ വിഭവങ്ങള്‍ക്കായിരിക്കും മുന്‍ഗണന. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡിലും വാക്ക്വേയിലും നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കർശനമാക്കും .

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ടൂറിസം വകുപ്പിൽ നിന്ന് അനുവദിച്ച 5 കോടി രൂപ ഉപയോഗിച്ചാണ് ക്യൂന്‍സ് വോക്ക് വേ നിര്‍മ്മിച്ചിരിക്കുന്നത്. തുടര്‍ന്ന് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഹൈബി ഈഡന്‍ എം.എൽ .എയുടെ ഫണ്ടിൽ നിന്നും 14 ലക്ഷം രൂപ മുതൽ മുടക്കിൽ
സി സി ടി വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. വോക്ക് വേയുടെ ഒരു വശത്തുള്ള ആംഫി തിയറ്ററിൽ ഈ ദിവസങ്ങളിൽ വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും. ചൂണ്ടയിടുന്നവര്‍ക്കായി ചൂണ്ടകളും തയ്യാറാക്കും.

ട്രാഫിക് പോലീസിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനത്തിൽ ലഹരി വിരുദ്ധ പ്രചരണങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും .വിവിധ വിദ്യാലയങ്ങളിൽ നിന്നായി 500 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിചേരും. ഡെക്കാത്തലണുമായി സഹകരിച്ച് ഇവര്‍ക്ക് വിവിധ വിനോദങ്ങളിൽ ഏര്‍പ്പെടുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. സമൂഹത്തിൽ സന്തോഷം വളര്‍ത്തുക ജനങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഹൈബി ഈഡന്‍ എം.എൽ .എ പറഞ്ഞു.

ഫോട്ടോ ക്യാപ്ഷൻ : ഞായറാഴ്ച്ചകള്‍ ആനന്ദകരമാക്കാന്‍ ഒരുങ്ങുന്ന ക്യൂന്‍സ് വോക്ക് വേയുടെ മാതൃക.