ആലപ്പുഴ: ജില്ല കളക്ടറുടെ വില്ലേജില്‍ ഒരു ദിനം ‘സഫലം’ പരാതി പരിഹാര അദാലത്ത് നടന്നു. ചേര്‍ത്തല താലൂക്കിലെ അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍ തെക്ക് വില്ലേജുകളില്‍ നിന്നുള്ള പരാതികളാണ് അദാലത്തില്‍ സ്വീകരിച്ചത്. പ്രളയം, റേഷന്‍ കാര്‍ഡ്, സര്‍വ്വേ എന്നിവ സംബന്ധിച്ചുള്ള പരാതികള്‍ അദാലത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

പട്ടയം, കുടിവെളളം, വൈദ്യുതി സംബന്ധിച്ചുള്ള പരാതികളാണ് അദാലത്തില്‍ കൂടുതലായി ലഭിച്ചത്. ദേശീയ പാതയില്‍ വര്‍ധിച്ചു വരുന്ന വഴിയോര കച്ചവടം സംബന്ധിച്ച വിവിധ പരാതികളും ലഭിച്ചു. വഴിവാണിഭം മൂലം ഗതാഗതം തടസ്സപെടുന്നതും, മാലിന്യങ്ങള്‍ കൂടിവരുന്നതുമായ പരാതികളാണ് ലഭിച്ചത്. ഇങ്ങനെയുള്ള വഴിവാണിഭക്കാരെ തുറവൂര്‍ ചന്തയിലേക്ക് മാറ്റുവാനുള്ള നിര്‍ദ്ദേശവും ജില്ലാ കളക്ടര്‍ വകുപ്പ് മേധാവികള്‍ക്ക് നല്‍കി. അകെ ലഭിച്ച 288 പരാതികളില്‍ 203 എണ്ണത്തിനു വ്യകതമായ മറുപടി നല്‍കുകയും ശേഷിച്ച 85 എണ്ണത്തിനു അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തു.
അദാലത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്ന കിടപ്പുരോഗിയായ അശോകനെയും കുടുംബത്തെയും അവരുടെ ഭവനങ്ങളിലെത്തി കണ്ട് പരാതികള്‍ക്ക് തീര്‍പ്പാക്കുകയും ചെയ്തു. വര്‍ഷങ്ങളായി ജോലി ചെയ്യാന്‍ പറ്റാത്ത വിധം തളര്‍ന്നു കിടക്കുന്ന അശോകനും മാതാവും മൂത്ത സഹോദരിയും അസുഖബാധിതയാണ്. കുടുബത്തിന്റെ ആശ്രയം ഭാര്യ ഗീതയുടെ തുച്ഛവരുമാനം മാത്രമാണ്. വീടിനു വേണ്ടിയാണു ഇവര്‍ അപേക്ഷ സമര്‍പ്പിച്ചത്. അതിനു എത്രയും വേഗം പരിഹാരം കാണുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.
കുത്തിയതോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ശ്രീലത, പുഞ്ച സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ശ്രീലത, ചേര്‍ത്തല താസില്‍ദാര്‍ എ. അദ്ബുല്‍ റഷീദ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.