മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വടുവൻചാൽ ചിത്രഗിരി എൽപി സ്‌കൂളിൽ വിർച്വൽ റിയാലിറ്റി ക്ലാസ്‌റൂം ആരംഭിച്ചു. സാധാരണ കണ്ടും കേട്ടും പഠിക്കുന്ന രീതിയേക്കാൾ വിദ്യാർത്ഥികൾക്ക് അനുഭവിച്ചു പഠിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. വാന നിരീക്ഷണം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പ്ലാനറ്റോറിയത്തിൽ പോവാതെ തന്നെ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും അന്തരീക്ഷത്തെയും ത്രിമാന ചലച്ചിത്രം പോലെ അനുഭവിച്ചറിയാൻ കഴിയും. കടലിനടിയിലെ മൽസ്യങ്ങളെയും ജൈവവൈവിധ്യങ്ങളെയും വിർച്വൽ ക്ലാസ് റൂമിലൂടെ തൊട്ടറിഞ്ഞ് പഠിക്കാം. ഇത്തരത്തിൽ കാടിനെയും നാടിനെയും പരിസ്ഥിതി വൈവിധ്യങ്ങളെയും കുട്ടികൾക്ക് അനുഭവിച്ചറിയാം. 3,00,000 രൂപ വകയിരുത്തി ലാപ്‌ടോപ്പ്, വിർച്വൽ റിയാലിറ്റി എനേബിൾഡ് മൊബൈൽ ഫോൺ, വിർച്വൽ ഹെൽമറ്റ്, വിർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ്, പ്രൊജക്ടർ വിത്ത് സ്‌ക്രീൻ, ഇൻവർട്ടർ എന്നി ഉപകരണങ്ങളുടെയും സോഫ്റ്റ്‌വെയറുകളുടെയും സഹായത്തോടെയാണ് കുട്ടികൾക്ക് അനുഭവ പാഠ്യ പദ്ധതി ഒരുക്കിയിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയിലെ ഹൈടക് വത്ക്കരണത്തിന്റെ ഭാഗമായാണ് പദ്ധതി.
ജില്ലയിൽ ആദ്യമായി ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിർവഹിച്ചു. വിർച്വൽ ക്ലാസ്‌റൂം കുട്ടികൾക്ക് പുത്തൻ പഠനാനുഭവം നൽകുന്നതും യഥാർഥ ഹൈടക് വിദ്യാഭ്യാസ രീതിയുമാണെന്ന് അവർ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ആർ. യമുന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കാപ്പൻ ഹംസ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഷഹർബാൻ സൈതലവി, വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ പ്രബിത, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ യഹ്‌യാഖ്യാൻ തലക്കൽ, വാർഡ് അംഗം കെ. വിജയൻ, ബിആർസി പ്രതിനിധി ഉമേഷ്, ഹെഡ്മിസ്ട്രസ് പി.ആർ ഉഷ, പിടിഎ പ്രസിഡന്റ് പ്രദീപ്, പി. തോമസ് എന്നിവർ സംസാരിച്ചു.
