സംസ്ഥാന സർക്കാർ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യുനൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം, കേരള പുനർനിർമാണ പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന സുരക്ഷിത കേരളം ക്യാമ്പയിന് ജില്ലയിൽ തുടക്കം. പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ കളക്ടറേറ്റ് പരിസരത്ത് എഡിഎം കെ അജീഷ്, ജില്ലാ പൊലിസ് മേധാവി ആർ. കറുപ്പസ്വാമി എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.
യുഎൻഡിപി സംസ്ഥാന കോ-ഓഡിനേറ്റർ ആനി ജോർജ്, ഡെപ്യൂട്ടി കളക്ടർ ഇ.പി മേഴസി, ലോ ഒഫീസർ ടി.പി കോമളവല്ലി, ടി. ജനിൽകുമാർ, ഫിനാൻസ് ഓഫിസർ എ.കെ ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.
ജനുവരി 22, 23, 24 തീയതികളിൽ ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളിൽ പര്യടനം നടത്തുന്ന റോഡ് ഷോ, ദുരന്തത്തെ അതിജീവിക്കുന്നതും സുരക്ഷിതവുമായ ഭവനനിർമ്മാണ രീതികളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനത്തിന് അവബോധം നൽകും. ജനുവരി 25, 26 തീയതികളിൽ കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് പ്രദർശനവും കെട്ടിട നിർമ്മാണ മേസ്തിരിമാർക്കുള്ള പരിശീലനവും നടത്തും.
വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ മേഖലകളിൽ ജനുവരി 22ന് റോഡ് ഷോ നടത്തി. ജനുവരി 23ന് വെള്ളമുണ്ട, തൊണ്ടർനാട്, തവിഞ്ഞാൽ, മാനന്തവാടി, മേഖലകളിലും 24ന് തിരുനെല്ലി, പൂതാടി, പനമരം, കോട്ടത്തറ, കണിയാമ്പറ്റ, കൽപ്പറ്റ എന്നിവിടങ്ങളിലും പര്യടനം നടത്തും. രാത്രി എട്ടിനു കൽപ്പറ്റയിലാണ് സമാപനം.