അങ്കമാലി: വർഷങ്ങളായി ശോചനീയാവസ്ഥയുടെ ദുരിതത്തിൽ നരകിച്ച വേങ്ങൂർ പട്ടികജാതി കോളനിക്കാർക്ക് പുതുജീവൻ പകർന്ന് സംസ്ഥാന സർക്കാർ. ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് കോളനിയിൽ നടപ്പാക്കുന്നത്. പട്ടിക ജാതി വികസന വകുപ്പ് ആവിഷ്കരിച്ച അംബേദ്കർ ഗ്രാമവികസന പരിപാടിയിൽ പെടുത്തിയാണ് തുക അനുവദിച്ചത്. ഓരോ നിയോജക മണ്ഡലത്തിലും അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നോക്കം നിൽക്കുന്ന രണ്ട് പട്ടികജാതികോളനികൾ എം എൽ എ മാർ ദത്തെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. റോജി എം ജോൺ എം എൽ എ യാണ് വേങ്ങൂർ കോളനി ദത്തെടുത്തത്.
കോളനിയിലേക്ക് വാഹന സൗകര്യത്തിനായി റോഡ് നിർമ്മിക്കുകയാണ് ആദ്യപടി. ഇതിനായി 40 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. പാടവരമ്പിലൂടെയുള്ള നടക്കാൻ മാത്രമുള്ള വഴിയാണ് നിലവിൽ ഇവിടെയുള്ളത്. ഇതു മാറ്റി ഓട്ടോറിക്ഷയ്ക്കു വരെ കടന്നു പോകാവുന്ന രീതിയിലാണ് പുതിയതായി നിർമ്മിക്കുക.
മുഴുവൻ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുന്നതിനായി ഹൗസ് കണക്ഷനുകൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. കിടങ്ങൂർ ജംഗ്ഷനിൽ നിന്നുമാണ് വെള്ളമെത്തിക്കുക. 25 ലക്ഷത്തിലധികം തുക ഇതിനായി ചെലവഴിക്കും. വഴിയിൽ തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളെല്ലാം റോഡിന്റെ ഒരു വശത്തേക്ക് മാറ്റി സ്ഥാപിച്ച് സോളാർ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തിപ്പിക്കും. കോളനിയിലേക്കുള്ള പ്രവേശന കവാടവും കലുങ്കും പദ്ധതിയിൽ പെടുത്തി മോടിപിടിപ്പിക്കും. ഓവുചാൽ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും. കൂടാതെ കോളനിയിലെ കുട്ടികൾക്ക് പഠനമുറി നിർമ്മാണവും പരിഗണനയിലുണ്ട്. 82 പട്ടികജാതി കുടുംബങ്ങൾ ഉൾപ്പടെ 102 കുടുംബങ്ങളാണ് കോളനിയിലുള്ളത്.
പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം റോജി എം ജോൺ എം എൽ എ വേങ്ങൂർ ലിറ്റിൽ റോസ് അങ്കണവാടിയിൽ നിർവഹിച്ചു.