കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ മറ്റൊരു സംഘം കൂടി വീട് നിര്‍മാണ പരിശീലനം നേടി മികവ് തെളിയിക്കുന്നു. പി.എം.എ.വൈ പദ്ധതിപ്രകാരം കടമ്പഴിപ്പുറം രണ്ടാം വാര്‍ഡിലെ നെടുമ്പുള്ളി പറമ്പ് തങ്കത്തിന് അനുവദിക്കപ്പെട്ട വീട് നിര്‍മാണമാണ് 20 അംഗങ്ങളടങ്ങുന്ന ‘അര്‍ച്ചന’ എന്ന സംഘം ഏറ്റെടുത്തിരിക്കുന്നത്. 53 ദിവസത്തെ പരിശീലനകാലയളവില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 34 ദിവസത്തില്‍ വീടിന്റെ പ്രധാനവാര്‍പ്പ് പൂര്‍ത്തിയാക്കി.
കുടുംബശ്രീ ജില്ലാമിഷന്‍ നിയോഗിച്ച ആലപ്പുഴയിലെ എക് സാത്ത് ഗ്രൂപ്പാണ് സംഘത്തിന് പരിശീലനം നല്‍കുന്നത്. 420 ചതുരശ്രയടിയില്‍ രണ്ടു മുറിയും ഹാളും അടുക്കളയും ടോയ്‌ലറ്റും ഉള്‍പ്പെടെയുള്ള വീടാണ് നിര്‍മിക്കുന്നത്. പരിശീലനകാലയളവില്‍ 50 രൂപ യാത്രബത്തയും 200 രൂപ സ്‌റ്റൈപ്പന്‍ഡുമാണ് നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാവുന്നതോടെ സ്വന്തം നിലയില്‍ കെട്ടിടനിര്‍മാണം ഏറ്റെടുത്ത് സ്വയംപര്യാപ്തത നേടാന്‍ ഇവര്‍ക്കാകും. ശ്രീകൃഷ്ണപുരം ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അധികൃതരും വീട് നിര്‍മാണ പരിശീലനത്തില്‍ പിന്തുണയുമായുണ്ട്.
പരിശീലനകാലയളവില്‍ വേതനം, പരിശീലനത്തിനുള്ള ചെലവ്, യൂണിഫോം എന്നിവ കുടുംബശ്രീ ജില്ലാമിഷനാണ് വഹിക്കുന്നത്. സമാനമായ രീതിയില്‍ പഞ്ചായത്തിലെ മറ്റൊരു കുടുംബശ്രീ ഗ്രൂപ്പ് കൂടി വീട് നിര്‍മാണ പരിശീലനം നേടിയിരുന്നു. ഒമ്പതാം വാര്‍ഡ് ഉമ്മനഴിയിലെ സാബുവിനാണ് വീട് നിര്‍മിച്ച് നല്‍കിയത്.