ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ വ്യവസായ നിക്ഷേമ സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. പുതിയ വ്യവസായ സൗഹൃദ നിക്ഷേപ സാഹചര്യങ്ങള്‍ സംരംഭകര്‍ പരമാവധി പ്രയോജനപ്പെടത്തി ജില്ലയില്‍ കൂടുതല്‍ വ്യവസായ വ്യാപാര നിക്ഷേപവും അതുവഴി കൂടുതല്‍ തൊഴില്‍ അവസരവും സൃഷ്ടിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വിജയകുമാരന്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് മോര്‍ലി ജോസഫ്, ഷൈലജ, ഷാജു തുടങ്ങിയവര്‍ സംസാരിച്ചു. ധനകാര്യ സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ച് ലീഡ് ബാങ്ക് മാനേജരും ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജരും സംരംഭകരുമായി സംവദിച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നിക്ഷേപ, തൊഴില്‍ സാധ്യതകളെക്കുറിച്ച് നാണു വിശ്വനാഥും ചെറുകിട വ്യവസായ നൂതന സംരംഭ സാധ്യതകളെക്കുറിച്ച് ശിവന്‍ അമ്പാട്ടും ക്ലാസുകള്‍ നയിച്ചു.
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് നടപടിക്രമങ്ങള്‍, അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങള്‍, കെട്ടിട നിര്‍മാണ ചട്ടങ്ങള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പായ്ക്കിംഗ്, അളവുതൂക്ക നിയമങ്ങള്‍, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍, കേന്ദ്രസംസ്ഥാന പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
രണ്ട് ദിവസമായി നടന്ന നിക്ഷേപ സംഗമത്തില്‍ നൂറിലധികം വ്യവസായ സംരംഭകര്‍ പങ്കെടുത്തു.