കിഴക്കമ്പലം∙ ബ്രഹ്മപുരം ഖരമാലിന്യ സംസ്കരണ പ്ലാൻറിൽ ദേശീയ ഹരിത ട്രൈബ്യൂണലിൻെറ 25 അംഗ സംഘം പരിശോധന നടത്തി. ജസ്റ്റിസ് ഡോ.പി.ജ്യോതിമണിയുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ദരും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷമാരും ഉൾപ്പെടുന്ന സമിതിയുടെ നേതൃത്വത്തിലായിരുന്ന പരിശോധന നടന്നത്. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ ബ്രഹ്മപുരത്ത് പ്രവർത്തിക്കുന്ന പ്ലാൻറ് ഭേദമാണെന്ന് സമിതി അധ്യക്ഷൻ പറഞ്ഞു. സമീപ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖല ആയതിനാലും പ്ലാൻറിൽ നിന്നുള്ള ദുർഗന്ധം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, കുന്നുകൂടിക്കിടക്കുന്ന മാലിന്യം കുറയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും നഗരസഭയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

ബ്രഹ്മപുരത്തെ മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം സമീപപ്രദേശത്തെ ജനങ്ങളെ ബാധിക്കുമോയെന്നും, ജല സ്രോതസുകൾ മലിനപ്പെടുത്തുന്നത് സംബന്ധിച്ചും ,വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ എങ്ങനെ മാറ്റുമെന്നും സമിതി പരിശോധിച്ചിട്ടുണ്ട്. 2016ലെ സോളിഡ് വേസ്റ്റ് മാനേജ്മെൻറ് നിയമം കർശനമായി പാലിക്കണം. ഉറവിടത്തിൽ നിന്നു തന്നെ തരം തിരിച്ചു മാത്രമേ മാലിന്യം ശേഖരിക്കാവൂ. അത് നഗരസഭ ഉറപ്പു വരുത്തണമെന്നും ജസ്റ്റിസ് ഡോ.പി.ജ്യോതിമണി പറഞ്ഞു.

മലിനീകരണ നിയന്ത്രണ ബോർഡിൻെറ റിപ്പോർട്ടിൻെറ യും കൊച്ചി നഗരസഭയ്ക്കെതിരെ നാട്ടുകാരുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിൻെറ സംഘം ബ്രഹ്മപുരത്ത് പരിശോധനയ്ക്കായി എത്തിയത്.

പുതിയ പ്ലാൻറിൻെറ നിർമാണം വൈകുന്നത് എൻ.ഒ.സി കിട്ടാൻ താമസിക്കുന്നതുകൊണ്ടാണെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് പറഞ്ഞു. പരിസ്ഥിതി വകുപ്പിൻെറ എൻഒസി കിട്ടിയാൽ മാത്രമേ നിർമാണം തുടങ്ങാൻ സാധിക്കുകയുള്ളൂ. പ്ലാൻറിൻെറ പ്രവർത്തനത്തെക്കുറിച്ച് പോരായ്മ ഉള്ളതുകൊണ്ട് സർക്കാരിൻെറ നേതൃത്വത്തിൽ നേരിട്ട് ഇടപെടുന്നുണ്ട്. ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചു. മേയർ സൗമിനി ജെയിൻ, ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദ്, പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി, പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വേലായുധൻ എന്നിവർ പങ്കെടുത്തു.