ആലപ്പുഴ: എസ്.എൽ.പുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ കെ.സി. വേണുഗോപാൽ എംപിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെമിസ്ട്രി ലാബിന്റെയും ജില്ലാപഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച ഫിസിക്‌സ് ലാബിന്റെയും ഉദ്ഘാടനം ജനുവരി 28ന് രാവിലെ 11.30ന് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ നടക്കും. കെമിസ്ട്രി ലാബിന്റെ അടങ്കൽ തുക ഒൻപതു ലക്ഷവും ഫിസിക്‌സ് ലാബ് അടങ്കൽ തുക 10 ലക്ഷം രൂപയുമാണ്. കെമിസ്ട്രി ലാബ് ഉദ്ഘാടനം കെ സി വേണുഗോപാൽ എംപിയും ഫിസിക്‌സ് ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജി വേണുഗോപാലും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.റ്റി മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട പ്രഭാ മധു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വ. ഡി പ്രിയേഷ്‌കുമാർ,എം.ജി. രാജു, ജില്ലാപഞ്ചായത്തംഗം ജമീല പുരുഷോത്തമൻ, ബ്ലോക്ക് പഞ്ചായത്തംഗം പി. പ്രകാശൻ, വാർഡ് മെമ്പർ ബിന്ദു ഉദയകുമാർ, ഡോ.കെ. എസ്. അനന്തമല്ലൻ, പ്രിൻസിപ്പൽ എസ്. സുലതാ ദേവി തുടങ്ങിയവർ പ്രസംഗിക്കും.