ദേശീയ സമ്മതിദായക ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല പരിപാടി സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ ജില്ലാ കളക്ടർ എ.ആർ അജയകുമാർ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും സമ്മതിദായക ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനാധിപത്യത്തിൽ വോട്ടവകാശം ശക്തമായ ആയുധമാണെന്നും യുവാക്കളുടെ കൂടി പങ്കാളിത്തമുണ്ടായാൽ മാത്രമേ രാജ്യത്ത് ജനാധിപത്യം അർത്ഥ പൂർണമാവുകയുള്ളു. ഏറ്റവും ശക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് സംവിധാനമാണ് രാജ്യത്തിന്റേതെന്നും ജില്ലാ കളക്ടർ ഓർമ്മപ്പെടുത്തി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപങ്ങൾ ശരിയല്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബാഹ്യ ഇടപ്പെടൽ സാധ്യമാകാത്ത വിധം സുരക്ഷാ ക്രമീകരണങ്ങളും നടപടികളും പാലിച്ചാണ് തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് മെഷിൻ ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനിൽ നിന്നും ബീപ് ശബ്ദമാത്രമാണ് പുറത്തു പോകുന്നത്. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ്. സാമൂഹിക മാധ്യമങ്ങളിലടക്കം ഇലക്ട്രോണിക് വോട്ടിംഗ് മെഷിനെതിരെ നടക്കുന്ന തെറ്റായ പ്രചാരണത്തെ പ്രതിരോധിക്കാൻ യുവാക്കളും വിദ്യാർഥികളും രംഗത്തിറങ്ങണമെന്നും ജില്ലാ ഇലക്ഷൻ വിഭാഗം ആവശ്യപ്പെട്ടു.
ചടങ്ങിൽ എഡിഎം കെ. അജീഷ് ജില്ലയിലെ മുതിർന്ന വോട്ടറായ കെ. കുട്ടപ്പനെ ആദരിച്ചു. വനിതാ ക്രിക്കറ്റ് താരം എസ്. സജന മുഖ്യാതിഥിയായി പങ്കെടുത്തു. മികച്ച ബൂത്ത്‌ലെവൽ ഓഫീസർമാർക്ക് അവാർഡും കാമ്പസ് അബാസഡർമാർക്ക് അംഗീകാര പത്രവും വിതരണം ചെയ്തു. ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.ജയപ്രകാശ്, ഡെപ്യൂട്ടി കളക്ടർമാരായ ഇ.പി മേഴ്‌സി, ടി. ജനിൽകുമാർ, തഹദിൽമാരായ കെ. സുനിൽകുമാർ, വി. അബൂബക്കർ, ശങ്കരൻ നമ്പൂതിരി, ബത്തേരി ഇലക്ഷൻ ഡെപ്യൂട്ടി തഹദിൽദാർ ഇ. ദിനേഷൻ, കോളേജ് പ്രിൻസിപ്പാൾ ഷേബ എം.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്കായി നടന്ന ഡെമോക്വസ്റ്റ് – 2019 മത്സരം കളക്ടറേറ്റ് സീനിയർ സുപ്രണ്ട് ഇ.സുരേഷ് കുമാർ നയിച്ചു.