കൊച്ചി: ഇല്ക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ ആദ്യമായി ഹരിശ്രീ കുറിച്ചതിന്റെ സന്തോഷത്തിലാണ് മഹാരാജാസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ. കന്നി വോട്ട് വോട്ടുചെയ്ത ഇറങ്ങിയ വിദ്യാർഥികൾക്കെല്ലാം യഥാർത്ഥ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്ത സന്തോഷമാണ്. 18 വയസ്സ് പൂർത്തിയായി വരാനിരിക്കുന്ന ഇലക്ഷനെ കാത്തിരിക്കുന്ന വിദ്യാർത്ഥികളെല്ലാം ആവേശത്തോടെയാണ് ട്രയൽ വോട്ട് ചെയ്തത്. ട്രയൽ വോട്ട് ചെയ്ത് ചൂണ്ടു വിരലിൽ കറുത്ത മാർക്ക് രേഖപ്പെടുത്തിയപ്പോൾ കുട്ടികളുടെ മുഖത്ത് ഇലക്ഷന് മുന്നേ ആദ്യവോട്ട് രേഖപ്പെടുത്തിയതിന്റെറെ തിളക്കമാണ്. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് മഹാരാജാസ് കോളേജിൽ വെച്ച് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിലാണ് കുട്ടികൾക്ക് ഇത്തരമൊരു അവസരം നൽകിയത്.

അച്ഛനും അമ്മയും വോട്ട് ചെയ്ത് കൈയ്യിൽ ഒരു രേഖയുമായി വീട്ടിലെത്തുന്നത് മുതൽ തന്റെ ആഗ്രഹമായിരുന്നു പതിനെട്ട് വയസ് പൂർത്തിയാകുമ്പോൾ ഇത് പോലെ വോട്ട് ചെയ്യണമെന്നത് . ആ ആഗ്രഹമാണ് ഇന്ന് പൂർത്തീകരിച്ചതെന്ന് പറയുമ്പോൾ അമൃതയുടെ മുഖത്ത് നിറയുന്ന സന്തോഷത്തിന് അതിരില്ല. ആദ്യ സമ്മതിദായക അവകാശം രേഖപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് മുഹമ്മദും, നൗഫലും, പൗർണമിയും, രാധികയും പോലെ മഹാരാജാസിലെ മറ്റ് വിദ്യാർത്ഥികളും.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സാങ്കേതിക സംവിധാനങ്ങളും സുരക്ഷാക്രമീകരണങ്ങളും വിദ്യാർത്ഥികൾക്ക് ഇലക്ഷൻ കമ്മീഷൻ പരിചയപ്പെടുത്തി. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും ഉപയോഗിക്കാൻ പോകുന്ന വിവി പാറ്റ് സംവിധാനമാണ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയത്. ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തെക്കുറിച്ച് പലഭാഗങ്ങളിൽ നിന്നും ഉയർന്നുവരുന്ന ആക്ഷേപങ്ങളെ കുറിച്ചുള്ള വിദ്യാർഥികളുടെ സംശയങ്ങൾക്കും പരിപാടിയിൽ മറുപടി നൽകി. വോട്ടിങ് യന്ത്രത്തിലെ സെവൺ എ സംവിധാനവും വിദ്യാർത്ഥികൾക്ക് നേരിട്ട് പരിചയപ്പെടുത്തി.

മഹാരാജാസ് കോളേജ് ഫിസിക്സ് ഗാലറിയിൽ വച്ച് നടന്ന പരിപാടി ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ദിനേശ് കുമാർ വിദ്യാർത്ഥികൾക്ക് സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 18 വയസ്സ് പൂർത്തിയായ വിദ്യാർത്ഥികൾക്കുള്ള വോട്ടർ ഐഡി കാർഡ് വിതരണ ഉദ്ഘാടനം ജില്ലാ കളക്ടർ കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി പാർവതിക്ക് നൽകി നിർവഹിച്ചു. ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസറും കണയന്നൂർ താലൂക്ക് തഹസിൽദാറുമായ പി ആർ രാധിക, മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ കെ എൻ കൃഷ്ണകുമാർ, അബ്ദുൽ ജബ്ബാർ തിരഞ്ഞെടുപ്പ് വിഭാഗം) ബീന ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.