കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പോത്താനിക്കാട് ഡിവിഷനിലെ തായ്മറ്റത്ത് നിര്‍മ്മിച്ചിരിക്കുന്ന തായ്മറ്റം സ്വാശ്രയ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജോയ്‌സ് ജോര്‍ജ് എം.പി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി അബ്രഹാം, ജില്ലാ പഞ്ചായത്തംഗം കെ.ടി അബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം വിന്‍സന്‍ ഇല്ലിക്കന്‍, എ.കെ സിജു, ജിമ്മി തോമസ്, ജേക്കബ് മണിത്തോട്ടം, പ്രിയ എല്‍ദോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പോത്താനിക്കാട് ഡിവിഷനില്‍ നടപ്പിലാക്കുന്ന 6 സ്വാശ്രയ കുടിവെള്ള പദ്ധതികളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മൂന്നാമത്തെ പദ്ധതിയാണ് തായ്മറ്റം കുടിവെള്ള പദ്ധതി. 220 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയ്ക്കായി 80000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെയും കിണറിന്റെയും പമ്പു ഹൗസിന്റെയും നിര്‍മ്മാണത്തിന് 26 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ചിലവഴിച്ചിരിക്കുന്നത്. ഡിവിഷനില്‍പ്പെട്ട തൊണ്ണൂറാം കോളനിയില്‍ 30 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ഒരു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പദ്ധതിയും കല്ലടപൂതപ്പാറയില്‍ 16 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച പദ്ധതിയും കഴിഞ്ഞ വര്‍ഷം നാടിനു സമര്‍പ്പിച്ചിരുന്നു. ഗവ.ആശുപത്രി കുടിവെള്ള പദ്ധതി, ആയങ്കര കുടിവെള്ള പദ്ധതി, തൃപ്പള്ളി കവല കുടിവെള്ള പദ്ധതി എന്നീ മൂന്നു പദ്ധതികളുടെയും നിര്‍മ്മാണങ്ങള്‍ വിവിധ ഘട്ടങ്ങളിലാണെന്നും ഇവയുടെ കൂടി നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പോത്താനിക്കാട് ഡിവിഷനിലെ കുടിവെള്ള ക്ഷാമം പൂര്‍ണ്ണമായും പരിഹരിക്കുവാന്‍ സാധിക്കുമെന്നും ബ്ലോക്ക് പഞ്ചായത്തംഗം വിന്‍സന്‍ ഇല്ലിക്കല്‍ അറിയിച്ചു.