കോതമംഗലം: എം.എൽ.എയെ കപ്പിയിൽ ഉയർത്തിയുള്ള കുരുന്നുകളുടെ ശാസ്ത്ര പ്രദർശനം ശ്രദ്ധേയമായി. സമഗ്ര ശിക്ഷ അഭിയാൻ കോതമംഗലം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ശാസ്ത്രത്തോടൊപ്പം പദ്ധതിയുടെ ഭാഗമായി നടത്തിയ ശാസ്ത്ര പ്രദര്‍ശനത്തിലാണ് കോതമംഗലം എം.എല്‍.എ ആന്‍റണി ജോണിനെ കപ്പിയില്‍ ഉയര്‍ത്തിയത്. ഉത്തോലകത്തിന്‍റെ പ്രവര്‍ത്തനം അധ്യാപകരെയും കുട്ടികളേയും പഠിപ്പിക്കാന്‍ എം.എല്‍.എയെ കപ്പിയില്‍ ഉയര്‍ത്തുന്നത് കണ്ടതോടെ കണ്ട് നിന്നവര്‍ക്ക് കൗതുക കാഴ്ച്ചയായി.100 കിലൊ ഭാരമുളള വസ്തുവിന്‍റെ ഭാരം 25 കിലൊ ഭാരമാക്കാന്‍ കപ്പികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതോടെ കഴിയുന്ന വസ്തുതയാണ് പ്രാവര്‍ത്തികമാക്കി പ്രദര്‍ശിപ്പിച്ചത്.
ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ശാസ്ത്രസിദ്ധാന്തങ്ങള്‍ രസകരമായി പഠിക്കുന്നതിന് ശാസ്ത്ര ഉപകരണങ്ങള്‍ ക്ലാസ് മുറികളില്‍ പ്രദര്‍ശിപ്പിച്ച് പ്രവര്‍ത്തിച്ച് പഠിക്കുന്ന ശാസ്ത്ര കൗതുകം,ശാസ്ത്ര പഥം,ശാസ്ത്ര പാര്‍ക്ക് പദ്ധതിയുടെയും ഉപ ജില്ലാതല ഉദ്ഘാടനം ആന്‍റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. ഉപജില്ലയിലെ മൂന്ന് സ്ക്കൂളുകള്‍ക്കാണ് സയന്‍സ്പാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. പഞ്ചായത്ത് അംഗം ബിജു.പി.നായര്‍ അദ്ധ്യക്ഷനായി.ശാസ്ത്ര പാര്‍ക്ക് പരിശീലന പരിപാടിയുടെ ഉദ്ഘാടനം എ.ഇ.ഒ പി.എന്‍ .അനിത നിര്‍വഹിച്ചു. ബി.പി.ഒ എസ്.എം അലിയാര്‍ പദ്ധതി വിശദീകരിച്ചു.