തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢമായ റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ പി. സദാശിവം അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എം.പിമാർ, എം.എൽ.എ മാർ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി. ലോക്നാഥ് ബഹ്റ, ജനപ്രതിനിധികൾ, മറ്റ് ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. രാവിലെ 8.30 ന് ഗവർണർ പതാക ഉയർത്തിയപ്പോൾ വ്യോമസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി.

വിവിധ സായുധസേനാ വിഭാഗങ്ങളും സായുധരല്ലാത്ത വിഭാഗങ്ങളും അണിനിരന്ന പരേഡിൽ ഭാരതീയ കരസേനയിലെ മദ്രാസ് റെജിമെൻറ് 19ാം ബറ്റാലിയനിലെ ലഫ്റ്റനൻറ് കേണൽ സനത് കുമാർ പരേഡ് കമാൻഡറായി. ഭാരതീയ വ്യോമസേന സതേൺ എയർ കമാൻഡ് ഫ്‌ളൈറ്റ് ലഫ്റ്റനൻറ് കപിൽകുമാർ സെക്കന്റ് ഇൻ കമാൻഡായിരുന്നു.

കരസേന, വ്യോമസേനാ വിഭാഗങ്ങൾക്കു പുറമെ അതിർത്തി രക്ഷാസേന, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്, റെയിൽവേ സുരക്ഷാസേന, കർണാടക സ്‌റ്റേറ്റ് പോലീസ്, സ്പെഷ്യൽ ആംഡ് പോലീസ്, ഇന്ത്യാ റിസർവ് ബറ്റാലിയൻ, കേരള വനിതാ കമാൻഡോസ്, കേരള വനിതാ ബറ്റാലിയൻ, തിരുവനന്തപുരം സിറ്റി പോലീസ്, ജയിൽ,  എക്സൈസ് സേനകൾ, അഗ്‌നിരക്ഷാസേന, വനം വകുപ്പ്, എൻ.സി.സി. സീനിയർ ഡിവിഷൻ (ആൺകുട്ടികൾ), എൻ.സി.സി. സീനിയർ വിംഗ് (പെൺകുട്ടികൾ), എൻ.സി.സി. സീനിയർ ഡിവിഷൻ എയർ സ്‌ക്വാഡ്രൺ, എൻ.സി.സി. സീനിയർ ഡിവിഷൻ നേവൽ യൂണിറ്റ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (ആൺകുട്ടികളും, പെൺകുട്ടികളും), ഭാരത് സ്‌കൗട്ട്സ്, ഭാരത് ഗൈഡ്സ്, പോലീസ് ശ്വാനസേന, അശ്വാരൂഢ പോലീസ് എന്നിവയുടെ ഓരോ പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുത്തു. ഭാരതീയ കരസേന, സിറ്റി പോലീസ്, എസ്.എ.പി, കേരള ആംഡ് പോലീസ് മൂന്ന്, അഞ്ച് ബറ്റാലിയനുകൾ എന്നിവരുടെ ബാൻഡുകളും ചടങ്ങിൽ പങ്കെടുത്തു. സ്‌കൂൾ കുട്ടികളുടെ ദേശഭക്തിഗാനാലപനവും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായിരുന്നു.