ഏലൂർ : ഇലക്ട്രോണിക് മാലിന്യങ്ങളും ആപത്കരമായ മാലിന്യങ്ങളും ശേഖരിച്ചു ശാസ്ത്രീയ സംസ്കരണത്തിന് കൈമാറുന്നതിനുള്ള ‘ഇനിയില്ല ഈ – വേസ്റ്റ് പദ്ധതിയുടെ ജില്ലാ തല ഉദ്‌ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയതീൻ നിർവഹിച്ചു. വികസന പ്രവർത്തനങ്ങൾക്കൊപ്പം തന്നെ ജനപങ്കാളിത്തത്തോടെയുള്ള മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങളും തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി പറഞ്ഞു. ഏലൂർ നഗരസഭാ പുതുതായി നിർമിച്ച ഏറോബിക് കമ്പോസ്റ്റ് ബിന്നും മന്ത്രി നാടിനു സമർപ്പിച്ചു. ഏലൂർ നഗരസഭ ശേഖരിച്ചിരുന്ന ഫ്ലൂറസെന്റ് ട്യൂബുകളും എൽ ഇ ഡി ലൈറ്റുകളുമുൾപ്പെട്ട അപകടകരമായ മാലിന്യം മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഏലൂർ നഗര സഭയുടെ കലോത്സവമായ മിന്നാമിന്നി കൂട്ടത്തിന്റെ ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു .

എറണാകുളം ജില്ലാ ഭരണകൂടത്തിന്റ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ , ക്ലീൻ കേരള കമ്പനി , തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ക്ലീൻ കേരളാ കമ്പനി മുഖേനെയാണ് ആപത്കരമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് കൈമാറുന്നത്. ഹരിത കേരളാ മിഷനും ശുചിത്വമിഷനുമായി ചേർന്ന് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പദ്ധതി “ഇനിയില്ല ഇവേസ്റ്റ് ‘ എന്ന പേരിൽ ജില്ല മുഴുവൻ വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

വിദ്യാലയങ്ങളിലെ ഈ മാലിന്യം, ആപത്കരമായ മാലിന്യം എന്നിവ ഐടി സ്കൂളിന്റെ സഹായത്തോടെയും, കോളേജുകളിലേത് നാഷണൽ സർവീസ് സ്കീമിന്റെ സഹായത്തോടെയും, സർക്കാർ സ്ഥാപനങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയും പൊതുജനങ്ങളിൽ നിന്നുള്ളത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ രണ്ടോമൂന്നോ സ്ഥലങ്ങളിലായി നിശ്ചിത ദിവസങ്ങളിൽ സംഭരിച്ച് ശേഖരിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ അംഗീകാരമുള്ള കമ്പനികൾക്ക് കൈമാറുകയും ചെയ്യും.

ഏലൂർ നഗരസഭ യിൽ വച്ച് നടന്ന പരിപാടിയിൽ വി കെ ഇബ്രാഹിം കുഞ്ഞ് എം.എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള, ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ . റ്റി എൻ. സീമ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ ,ഏലൂർ നഗര സഭ
ചെയർപേഴ്സൺ സി പി ഉഷ, എം എ ജെയിംസ്, റ്റി.കെ സതീഷ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: ഇനിയില്ല ഈ – വേസ്റ്റ് പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിക്കുന്നു.