22-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീഴാന്‍ രണ്ടുനാള്‍ മാത്രം ശേഷിക്കെ സുവര്‍ണ ചകോരം നേടുന്ന ചിത്രം ഏതെന്ന് അറിയാന്‍ ആകാംക്ഷാഭരിതരായി ചലച്ചിത്രപ്രേമികള്‍. മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളും ഇതിനോടകം പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. നിശാഗാന്ധി ഉള്‍പ്പെടെ 14 തിയേറ്ററുകളില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നൂറിലധികം ചിത്രങ്ങളാണ് ഇതുവരെ പ്രദര്‍ശിപ്പിച്ചത്. 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങളാണ് ഇത്തവണ മേളയിലുള്ളത്.
ലബനീസ് ചിത്രം ദി ഇന്‍സള്‍ട്ടിലൂടെ തുടങ്ങിയ മേളയ്ക്ക് മുന്‍വര്‍ഷങ്ങളേക്കാള്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മത്സരവിഭാഗത്തില്‍ ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടി. ആദ്യപ്രദര്‍ശനത്തില്‍തന്നെ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് റോള്‍പെക്കിന്റെ ദ യംഗ് കാള്‍മാര്‍ക്‌സ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പിറവിയാണ് ചിത്രത്തിന്റെ ഉള്ളടക്കം. മത്സരവിഭാഗത്തില്‍ ജോണി ഹെന്‍ഡ്രിക്‌സിന്റെ കാന്‍ഡലേറിയയും ഇന്ത്യന്‍ ചിത്രം ന്യൂട്ടണും പ്രേക്ഷകരുടെ കൈയ്യടി നേടി. റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവ്, ചാഡ് സാംസ്‌കാരിക വകുപ്പ് മന്ത്രിയും സംവിധായകനുമായ മെഹമ്മദ് സാലെ ഹാറൂണ്‍, ബംഗാളി ചലച്ചിത്രകാരി അപര്‍ണ സെന്‍, മാധബി മുഖര്‍ജി എന്നിവരടക്കം പ്രമുഖ സിനിമാപ്രവര്‍ത്തകര്‍ മേളയിലെത്തി. ഇനി വരുന്ന രണ്ട് ദിവസങ്ങളില്‍ 14 തിയേറ്ററുകളിലായി 91 പ്രദര്‍ശനങ്ങള്‍ നടക്കും.