കുഷ്ഠരോഗ നിര്‍മ്മാര്‍ജന പക്ഷാചരണത്തിന് ജനുവരി 30 ന് ജില്ലയില്‍ തുടക്കമാകും. ഫെബ്രുവരി 12 വരെ നടക്കുന്ന പക്ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം കുഷ്ഠരോഗ നിര്‍ണ്ണയ പരിശോധന ക്യാമ്പുകള്‍ നടത്തി രോഗം സ്ഥിതീകരിക്കപ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. 12 പേരാണ് കുഷ്ഠരോഗ ചികിത്സയ്ക്ക് വിധേയരായി നിലവില്‍ ജില്ലയിലുള്ളത്. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും പാല നഗരസഭ, തൃക്കൊടിത്താനം, മുളക്കുളം, തലയോലപ്പറമ്പ്, നീണ്ടൂര്‍, ഏറ്റുമാനൂര്‍, ഓണംതുരുത്ത്, പാറത്തോട് ഗ്രാമപഞ്ചായത്തുകളില്‍ ഒരാള്‍ വീതവുമാണ് ചികിത്സയിലുള്ളത്. ഇവരില്‍ ചിലര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഈ രോഗമുള്ള കൂടുതല്‍ പേര്‍ ജില്ലയിലുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. പരിശോധനയ്ക്കായി മുന്നോട്ടു വരാന്‍ ആളുകള്‍ തയ്യാറാകാത്തതിനാല്‍ രോഗികളെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമാണ്. നിറം മങ്ങിയതോ ചുവപ്പ് നിറത്തിലോ ഉള്ള സ്പര്‍ശന ശേഷിയില്ലാത്ത പാടുകള്‍ രോഗലക്ഷണത്തെ സൂചിപ്പിക്കുന്നതായതിനാല്‍ എല്ലാവരും സ്വയം അല്ലെങ്കില്‍ വീട്ടിലുള്ളവരുടെ സഹായത്തോടെ ശരീര പരിശോധന നടത്തി പാടുകള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ രോഗ നിര്‍ണ്ണയ ക്യാമ്പിലെത്തി രോഗ നിര്‍ണ്ണയം നടത്തണം. രോഗം സ്ഥിതീകരിക്കപ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സയ്ക്കുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് അടിയന്തിരമായി സ്വീകരിക്കും. സ്പര്‍ശ് എന്നപേരില്‍ സംഘടിപ്പിക്കുന്ന കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണ പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളട്രേറ്റില്‍ വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ മോബി ജെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം ഒ വിദ്യാധരന്‍ പക്ഷാചരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയില്‍ എം.പി കൊടിക്കുന്നില്‍ സുരേഷ് നിര്‍വ്വഹിക്കും.
