പ്രളയത്തിൽപ്പെട്ടവർക്ക് ബാങ്ക് വായ്പ വഴി ഉപജീവനമാർഗം പുനരാരംഭിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ‘ഉജ്ജീവന സഹായ പദ്ധതി’ സംബന്ധിച്ച് ബാങ്കുകൾ ഉന്നയിച്ച ആശങ്കകളിൽ വ്യക്തത വരുത്തി ഒരാഴ്ചക്കുള്ളിൽ ജില്ലാതലത്തിൽ പരമാവധി വായ്പ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം.
ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങൾ, കടകൾ എന്നിവയ്ക്കുണ്ടായ നഷ്ടം സംബന്ധിച്ച് വ്യവസായവകുപ്പ് വിശദാംശങ്ങൾ നേരത്തെ ശേഖരിച്ചിട്ടുണ്ട്. വായ്പ സംബന്ധിച്ച് വ്യക്തത വരുത്തിയ സാഹചര്യത്തിൽ അടുത്ത ആഴ്ച കൊണ്ട് വായ്പ അനുവദിക്കുന്നത് ത്വരിതപ്പെടുത്താൻ സാഹചര്യമുണ്ടാകും. പദ്ധതിയിലേക്ക് പുതിയ അപേക്ഷകൾ മാർച്ച് 31 വരെ സ്വീകരിക്കാനും ബാങ്കുകൾക്ക്  സംസ്ഥാനതല ബാങ്കിംഗ് സമിതി നിർദേശം നൽകും. ഇതു സംബന്ധിച്ച ഏകോപനത്തിന് റവന്യൂ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രളയദുരിതത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ടവർക്ക് സർക്കാർ വെച്ചുകൊടുക്കുന്ന വീടുകൾ മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതോടൊപ്പം സ്വന്തമായി വീട് വെക്കുന്നവരുടെ നിർമാണ പുരോഗതിയും വിലയിരുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കാൻ പ്രളയം കൂടുതലായി ബാധിച്ച വയനാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് തുടർനടപടികൾ ഏകോപിപ്പിക്കാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ ചുമതലപ്പെടുത്തി.
മുപ്പത് ശതമാനം മുതൽ 74 ശതമാനം വരെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായം ഒറ്റഗഡുവായി നൽകാനും തീരുമാനമായി. എം.പിമാരുടെ പ്രളയദുരിതാശ്വാസ ഫണ്ട് ഏകോപിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയിൽ ലഭിക്കേണ്ട 804 കോടി രൂപയുടെ കുടിശ്ശിക കേന്ദ്രത്തിൽനിന്ന് ലഭ്യമാക്കാൻ അടിയന്തിര തുടർനടപടി സ്വീകരിക്കാനും തീരുമാനമായി.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പുനർനിർമാണപുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറിമാരായ പി.എച്ച്. കുര്യൻ, ബിശ്വാസ് മേത്ത, ടി.കെ. ജോസ്, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ സംബന്ധിച്ചു.