കൊച്ചി: സമഗ്രശിക്ഷ കേരളം, ശാസ്ത്രാഭിരുചിയും ഗവേഷണപാടവവുമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, കേരള ഹയര്‍സെക്കന്ററി വിദ്യാഭ്യാസവകുപ്പും, കോളേജ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് തെരഞ്ഞെടുക്കപ്പെട്ട ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ശാസ്ത്രപഥം ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് ബാച്ചുകളിലായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ത്ഥികള്‍ക്കാണ് യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ് ആലുവ, ശ്രീശങ്കര കോളേജ് കാലടി എന്നിവിടങ്ങളില്‍ മൂന്നു ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് നടത്തിയത്. എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 11-ാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുത്ത 100 വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ ജനുവരി 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ ഒന്നാംഘട്ട ത്രിദിനശില്പശാല പൂര്‍ത്തിയാക്കിയിരുന്നു. ശ്രീശങ്കരാ കോളേജ് കാലടിയില്‍ വെച്ച് ജനുവരി 26,27,28 തീയതികളിലായി രണ്ടാംഘട്ട ത്രിദിനശില്പശാല നടന്നു. ഇന്റര്‍ യൂണിവഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. കെ.പി. മോഹനകുമാര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സമഗ്രശിക്ഷാ ഡി.പി.ഒ സജോയ് ജോര്‍ജ്ജ് പദ്ധതി വിശദീകരണവും ഹയര്‍സെക്കണ്ടറി റീജിണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശകുന്തള കെ മുഖ്യപ്രഭാഷണവും നടത്തി. പ്രിന്‍സിപ്പല്‍ പ്രൊഫ. ശഭു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാസ്ത്ര സാഹിത്യകാരന്‍ പ്രൊഫ. എസ്.ശിവദാസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ഗിരീഷേ എം.കെ എന്നിവര്‍ സംസാരിച്ചു. കോളേജിലെ ഐ.ക്യു.എ.സിയും സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും നേതൃത്വം കൊടുക്കുന്ന ത്രിദിന ശില്‍പശാലയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം എന്നീ വിഷയങ്ങളിലെ വിദഗ്ധരുടെ ക്ലാസുകള്‍, ലാബുകളില്‍ നേരിട്ട് എത്തിയുള്ള ശാസ്ത്ര പരീക്ഷണങ്ങള്‍, പ്രൊജക്ടുകളുടെ അവതരണം, ക്വിസ് മത്സരങ്ങള്‍ ക്വിസ് മത്സരങ്ങള്‍, കുസാറ്റ്, സി.എം.എഫ്.ആര്‍.ഐ തുടങ്ങിയ ശാസ്ത്ര സാങ്കേതിക സ്ഥാപന സന്ദര്‍ശനം, കരിയര്‍ ഗൈഡന്‍സ് ക്ലാസ്, പ്രകൃതി പഠനയാത്ര എന്നിവ ഒരുക്കിയിട്ടുണ്ട്. കോളേജിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളും, ഗവേഷണ വിദ്യാര്‍ത്ഥികളും ത്രിദിന ശില്പശാലയില്‍ മെന്റേഴ്‌സായി പ്രവര്‍ത്തിച്ചു. സമഗ്രശിക്ഷയുടെ നാല് ലക്ഷം രൂപയാണ് ക്യാമ്പിനായി ചെലവഴിച്ചത്.
ക്യാമ്പുകളിള്‍ നിന്നും തിരഞ്ഞെടുത്തപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തുടര്‍ ശില്പശാലകളും പ്രമുഖ സയന്‍സ് സ്ഥാപനങ്ങളായ ഐഐ ടി, ഐഐഎസ് സി, ഐഐഎസ്ഇആര്‍ എന്നിവ സന്ദര്‍ശിക്കാനുള്ള അവസരവുമുണ്ടാകുമെന്ന് ജില്ലാ പ്രൊജക്ട് ഓഫീസര്‍ സജോയ് ജോര്‍ജ് അറിയിച്ചു.
