ആലപ്പുഴ: പ്രളയാനന്തരം തങ്ങളുടെ വിയർപ്പുകൊണ്ട് സ്വർണ്ണ നിറമണിഞ്ഞ നെൽ മണികൾ വിളഞ്ഞ 39 ഏക്കർ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തിയ സന്തോഷത്തിലാണ് മണ്ണഞ്ചേരിയിലെ നാൽപ്പത് കർഷകർ. പ്രളയാനന്തരം കർഷക കൂട്ടായ്മയുടെ തിളക്കം ഇത്തവണത്തെ കൃഷിയിലും പ്രകടമായതിന്റെ സന്തോഷം പങ്കുവയ്ക്കുന്ന കൊയ്ത്തുത്സവം കിഴക്കേ കോളഭാഗത്ത് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

തരിശു രഹിത ഗ്രാമപഞ്ചായത്ത് എന്ന് ഖ്യാതി നേടിയ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെക്കേക്കരി പാടശേഖരത്തിലെ കൊയ്ത്തുത്സവം അക്ഷരാർഥത്തിൽ ഉത്സവമായി. ഏറ്റവും മികച്ച വിളവ് ഇത്തവണയാകും എന്ന പ്രതിക്ഷയിൽ തന്നെയാണ് കർഷകർ. പ്രളയാനന്തരം പാടം എക്കൽ കൊണ്ട് ഫലഭൂയിഷ്ഠമായി എന്നാണ് ഇവരുടെ വിലയിരുത്തൽ.

സർക്കാരിന്റെ സഹായം ഏറെ അനുഗ്രഹമായതായി പാടശേഖരസമിതി പ്രസിഡന്റ് സുഗുണൻ പറവേലി മഠം പറഞ്ഞു. കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും ചേർന്ന് വിത്തു സൗജന്യമായി നൽകി. 50 ശതമാനം വളവും സൗജന്യമായി നൽകി. ഹെക്ടറിന് 13000 രൂപ വീതം നഷ്ടപരിഹാരവും സർക്കാർ പ്രളയാനന്തരം നൽകിയിരുന്നു.

കൊയ്തുത്സവത്തെ തുടർന്ന് പാടശേഖരങ്ങളിൽ വേനൽക്കാല ജൈവ പച്ചക്കറി കൃഷിയുടെ പരിശീലന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.മണ്ണഞ്ചേരി കൃഷി ഓഫീസർ ജി.വി.രജി ക്ലാസുകൾക്ക് നേതൃത്വം നൽകി. പെട്ടെന്ന് വിളവെടുക്കുന്ന പച്ചകറികൾക്ക് ശേഷം മേയ് മാസത്തോടെ അടുത്ത നെൽകൃഷിയിലേക്ക് നീങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം.

ചടങ്ങിൽ മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.പാടശേഖര സമിതി പ്രസിഡന്റ് വി.സുഗുണൻ പറവേലിമഠം,സെക്രട്ടറി സലിം അരക്കംപള്ളി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.അരവിന്ദ് മറ്റ് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.