*നബാർഡിന്റെ സംസ്ഥാനതല ക്രെഡിറ്റ് സെമിനാർ ഉദ്ഘാടനം ചെയ്തു
 
സംസ്ഥാനത്തിന് കാർഷികമേഖലയിൽ കാലാനുസൃതമായ പുരോഗതി നേടാൻ നബാർഡിന്റെ ഫലപ്രദമായ ഇടപെടലും സഹായവും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നബാർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ക്രെഡിറ്റ് സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക അഭിവൃദ്ധിയില്ലാതെ കേരളവികസനം പൂർത്തിയാകില്ല. കാർഷികപ്രാധാന്യമുള്ള സംസ്ഥാനമാണെങ്കിലും ആധുനിക കൃഷിരീതികൾ വേണ്ടത്ര സ്വായത്തമാക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ശാസ്ത്രീയമായി കാർഷികരംഗം അഭിവൃദ്ധിപ്പെടുത്താൻ ഫലപ്രദമായ ഇടപെടലുകൾ വേണം.
പ്രളയം സൃഷ്ടിച്ച പ്രശ്‌നങ്ങൾ അതിജീവിച്ച് ഭാവിയിൽ ഏതു പ്രതിസന്ധിയും അതിജീവിക്കാനാകുന്ന കേരളം പുനർനിർമിക്കാനാണ് ശ്രമിക്കുന്നത്. പ്രളയത്തിൽ ഒട്ടേറെ ജീവനോപാധികൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഭൂമിഘടനയും പലയിടത്തും മാറി. മേൽമണ്ണ് നഷ്ടപ്പെട്ട് പുതിയ സ്വഭാവത്തിലുള്ള ഭൂമിയാണ് പലയിടത്തും. അത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശാസ്ത്രജ്ഞരുടേതടക്കമുള്ളവരുടെ സഹായം തേടിയുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. പുനർനിർമാണപ്രവർത്തനങ്ങൾക്കായി ലോകത്തിലുള്ള ഒട്ടേറെ പുതിയ അറിവുകളും ആശയങ്ങളും സ്വായത്തമാക്കാനാണ് ശ്രമിക്കുന്നത്. പ്രളയദുരന്തമുണ്ടായപ്പോൾ ലോകത്തിന്റെ പല ഭാഗത്തുനിന്നും തങ്ങൾക്കുണ്ടായ ദുരന്തം പോലെയാണ് പ്രതികരിച്ചത്. അത്തരത്തിൽ നബാർഡിന്റെ പ്രതികരണവും സഹകരണവും പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
2019-20 ലേക്കുള്ള നബാർഡിന്റെ സ്റ്റേറ്റ് ഫോക്കസ് പേപ്പറിന്റെയും മേഖലാ വികസന പദ്ധതികളുടേയും പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു.
സുസ്ഥിര കാർഷികവികസനത്തിന് മികച്ച ഉത്പാദനത്തിനൊപ്പം മൂല്യവർധിത സാധ്യതകളും സുശക്തമായ വിപണന സംവിധാനവും ഒരുക്കാൻ നബാർഡ് പോലുള്ള ധനകാര്യസ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കർഷകർക്ക് പലിശരഹിതമോ, കുറഞ്ഞ പലിശയുള്ളതോ നൂലാമാലകളില്ലാത്തതോ ആയ വായ്പകൾ ലഭ്യമാക്കണം. കർഷക ഉത്പാദക സംഘങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ നബാർഡിന്റെ സേവനം മികച്ചതാണ്. കർഷകർക്ക് സർക്കാരും ബാങ്കുകളും നൽകുന്ന പലിശയിളവുകൾ അവർക്ക് തന്നെ ലഭിക്കണം. കാർഷിക വായ്പകൾ, പ്രത്യേകിച്ച് സ്വർണപ്പണയ വായ്പകൾ കർഷകരിൽ എത്തുന്നുണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ എസ്.എം.എൻ സ്വാമി, എസ്.എൽ.ബി.സി കൺവീനർ ജി.കെ.മായ എന്നിവർ സംസാരിച്ചു. നബാർഡ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായർ സ്റ്റേറ്റ് ഫോക്കസ് പേപ്പർ വിശദീകരിച്ചു. നബാർഡ് സി.ജി.എം ആർ. ശ്രീനിവാസൻ സ്വാഗതവും ജനറൽ മാനേജർ കെ.എസ്.എം ലക്ഷ്മി നന്ദിയും പറഞ്ഞു.
  1,46,162.78 കോടി രൂപയാണ് 2019-20 ലേക്കുള്ള സ്റ്റേറ്റ് ഫോക്കസ് പേപ്പറിൽ വായ്പാ സാധ്യതയായി നബാർഡ് കണക്കാക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ ഏഴുശതമാനം അധികമാണ്. ഇതിൽ 47 ശതമാനം കാർഷിക മേഖലയെയാണ് ലക്ഷ്യമാക്കുന്നത്. 69,303.34 കോടി രൂപയാണിത്. ആകെ വായ്പാസാധ്യതയിൽ 28 ശതമാനമായ 41,091.07 കോടി രൂപ മൈക്രോ, ചെറുകിട, ഇടത്തര സംരംഭങ്ങൾക്ക് വായ്പ നൽകാനാവുമെന്നും നബാർഡ് കണക്കാക്കുന്നു.