വിമുക്തി മിഷന്റെ ഭാഗമായി ജില്ലയിലെ എക്‌സൈസ് സർക്കിൾ ഓഫീസുകളുടേയും റെയ്ഞ്ച് ഓഫീസുകളുടേയും ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയ വിവിധ പരിപാടികൾ അവലോകനം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം കെ. അജീഷ് അധ്യക്ഷത വഹിച്ചു. 2018 ഡിസംബർ 18 മുതൽ 2019 ജനുവരി 28 വരെ വിവിധ പരിപാടികളാണ് വിമുക്തിയുടെ ഭാഗമായി സംഘടിപ്പിച്ചത്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് 19 വിവിധ ബോധവത്കരണ പരിപാടികൾ, എൻഎസ്എസ് വോളണ്ടിയർമാർക്കായി 14 ബോധവത്ക്കരണ ക്ലാസുകൾ, എസ്പിസി കേഡറ്റുകൾക്കായി അഞ്ച് ബോധവത്കരണ ക്ലാസുകൾ എന്നിവ നടത്തി.
ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് ട്രൈബൽ പ്രൊമോട്ടർമാരുടെ സഹകരണത്തോടെയും അല്ലാതെയും 23 ബോധവത്കരണ പരിപാടികൾ നടത്തി. 58ഓളം ആദിവാസി കോളനികൾ സന്ദർശിച്ചു. ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ കോളനികൾ സന്ദർശിച്ച് ഡ്രോപ്പ് ഫ്രീ പദ്ധതിയുടെ ഭാഗമായി 11 വിദ്യാർഥികളെ സ്‌കൂളുകളിൽ തിരികെയെത്തിച്ചു. കുടുംബശ്രീയുമായി സഹകരിച്ചും പൊതുജനങ്ങൾക്കായും വിവിധ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിദ്യാർഥികൾക്കായി ക്വിസ് മത്സരവും നടത്തി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ മാത്യൂസ് ജോൺ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.