റോഡ് സുരക്ഷാ വാരാചരണം ഫെബ്രുവരി നാലുമുതൽ 10 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. നാലിന് കൽപ്പറ്റയിൽ തുടങ്ങുന്ന വാരാചരണം 10ന് സുൽത്താൻ ബത്തേരിയിൽ സമാപിക്കും. എംഎൽഎമാർ, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് സൂപ്രണ്ട്, പ്രൈവറ്റ് ബസ് അസോസിയേഷൻ പ്രതിനിധികൾ, എസ്പിസി, എൻസിസി കാഡറ്റുകൾ തുടങ്ങിയവർ പങ്കെടുക്കും. ഫെബ്രുവരി അഞ്ചിന് ചിത്രരചനാ മൽസരവും ആറിന് ബോധവൽക്കരണ ക്ലാസും ഡ്രൈവർമാർക്ക് കണ്ണുപരിശോധനയും ഒരുക്കിയിട്ടുണ്ട്. ഏഴിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ ഉൾപ്പെടുത്തി വാഹന പരിശോധനയുമുണ്ടാവും. വാഹനങ്ങളുടെ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നവർക്ക് സമ്മാനം നൽകും. എട്ടിന് ബുള്ളറ്റ് റാലിയും ഒമ്പതിന് പൊലീസുമായി സഹകരിച്ച് സംയുക്ത വാഹന പരിശോധന നടത്തും.
സ്‌കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചു. പ്രധാന ജങ്ഷനുകളിലും സ്‌കൂളുകൾക്കു സമീപവും സൂചനാ ബോർഡുകളും സീബ്രാലൈനും ഉറപ്പുവരുത്താൻ കളക്ടർ നിർദേശം നൽകി. ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ നേതൃത്വത്തിൽ ചേമ്പബറിൽ ചേർന്ന യോഗത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ട് ആർ. കറുപ്പസാമി, റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫിസർ എം.പി. ജെയിംസ്, ദേശീയപാതാ വിഭാഗം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.