കഞ്ഞിക്കുഴി : കരിപ്പേൽ ചാൽ നവീകരണത്തിന് തുടക്കമായി. നാളുകളായി ഒരു നാട് നേരിടുന്ന പ്രശനത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്. കഞ്ഞിക്കുഴി ബ്ലോക്ക്പഞ്ചായത്തും ചേർത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളും ചേർന്നാണ് കരിപ്പേൽ ചാലിന്റെ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നത്. 37 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തിയാണ് ചാൽ നവീകരണം. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം തീരത്തു കഴിയുന്നവരുടെ ദുരിതത്തിനും ഇതോടെ ശാശ്വത പരിഹാരമാകും.നാളുകളായി അടിഞ്ഞുകൂടിയ എക്കൽ മാലിന്യങ്ങൾ യന്ത്രങ്ങളുപയോഗിച്ച് നീക്കം ചെയ്യാൻ തുടങ്ങി.
പണ്ട് കൃഷിക്കും മറ്റാവശ്യങ്ങൾക്കും ആളുകൾ ഈ ചാലിനെയാണ് ആശ്രയിച്ചിരുന്നത്. സമീപകാലത്തു കൃഷി കുറയുകയും ചാല് ഉപയോഗ ശൂന്യമാവുകയും ചെയ്തതോടെയാണ് നാടിന്റെ ദുരവസ്ഥയ്ക്കു തുടക്കമായത്. ചാലിന്റെ ഇരുവശങ്ങളിലാണ് നൂറോളം ആളുകൾ താമസിക്കുന്ന അംബേദ്ക്കർ കോളനി. മഴ പെയ്താൽ ചാൽ കരകവിഞ്ഞ് തീരത്തെ വീടുകൾ വെള്ളത്തിലാകുന്ന സ്ഥിതിയാണ്.
ചാൽ പുനരുജ്ജീവന പദ്ധതിക്കു സാങ്കേതികമായി നിലനിന്നിരുന്ന തടസങ്ങൾ പരിഹരിച്ചു ടെൻഡർ വിളിച്ചതോടെയാണ് പദ്ധതിക്കു വീണ്ടും ജീവൻ വച്ചത്. കുട്ടനാട് സ്വദേശി പ്രശാന്ത്. എസ്. നായരാണ് കരാറുകാരൻ. കോരിമാറ്റുന്ന ചെളിയുടെ ഘടന പരിശോധിച്ച് കൃഷി, സോഷ്യൽ ഫോറസ്ട്രി വകുപ്പുകളുടെ സഹായത്തോടെ പുനരുപയോഗം സാധ്യമാക്കുകയും ചെയ്യും. ഭൂജല വകുപ്പിന്റെ വിദഗ്ദ്ധരുടെ സഹായത്തോടെ ഭൂഗർഭ ജലവിതാനം ഉയർത്താനുള്ള മാർഗനിർദേശത്തോടെ സാധ്യമായ ഇടങ്ങളിൽ കൃഷി നടത്താനും മരങ്ങൾ നട്ടുപിടിപ്പിക്കാനും ലക്ഷ്യമിടുന്നു. ജലസേചന വകുപ്പിന്റെ സഹായത്താൽ തൈക്കൽ പാലത്തിന് സമീപമുള്ള ഉപയോഗശൂന്യമായ സ്ലുയിസ് മാറ്റി, അടക്കുകയും തുറക്കുകയും ചെയ്യാവുന്ന പുതിയ സ്ലുയിസ് സ്ഥാപിച്ചാൽ ഓരുവെള്ളം കയറാതെ കൃഷി സംരക്ഷണം സാധ്യമാക്കുകയും ചെയ്യും.