ഓഖി ദുരന്തത്തെത്തുടർന്ന് കടലിൽ കാണാതായ മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആശ്വാസവുമായി ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ എത്തി. കരുംകുളം, പുതിയതുറ, പള്ളം, പൂവാർ മേഖലകളിൽ നിന്ന് കാണാതായവരുടെ കുടുംബങ്ങളെയാണ് മന്ത്രി സന്ദർശിച്ചത്.
കരുംകുളം സ്വദേശികളായ രതീഷ്, രാജു, സിറിൾ മിറാൻറ, ജേക്കബ് മുത്തുപിള്ള, ജോസഫ്, ബൽറ്റസ്, സെബാസ്റ്റിയൻ മാർക്കോസ് എന്നിവരുടെ വീടുകളിലെത്തി മന്ത്രി വിവരങ്ങൾ ആരാഞ്ഞു.
തുടർന്ന് പള്ളം ഇടവകയിൽ നിന്ന് കാണാതായവരെ കാത്ത് പള്ളിമുറ്റത്തെ പന്തലിൽ കാത്തിരിക്കുന്ന ബന്ധുക്കളെയും നാട്ടുകാരെയും കണ്ട് സാന്ത്വനിപ്പിച്ചു. ആവശ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഇവിടെനിന്ന് 10 പേരെ കാണാതായതിൽ മൂന്ന് പേർ തിരികെ കരയിലെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ചാറൽസ്, ജിനു, ക്ലമൻറ്, സെൽവരാജൻ, ക്രിസ്തുദാസൻ,ശേശടിമ, പൗളിൻ എന്നിവരാണ് ഇവിടെ തിരിച്ചെത്താനുള്ളത്.
തുടർന്ന് പുതിയതുറയിൽ ഗിൽബർട്ട്, ആൻറണി, വലസ്‌കൻ എന്നിവരുടെ വീടുകളിലെത്തി ബന്ധുക്കളുമായി സംസാരിച്ചു.
ഒടുവിൽ പൂവാറിൽ നിന്ന് കാണാതായവരുടെ ബന്ധുക്കൾ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന പന്തലിൽ എത്തി അവർക്ക് ആത്മവിശ്വാസം പകർന്നാണ് മന്ത്രി മടങ്ങിയത്. ഇവിടെ നിന്നുള്ള ബൈജു, പുഷ്പരാജ്, ഡാർവിൻ, മേരി ജോൺ, രാജൻ, പനിത്താസൻ, തങ്കപ്പൻ എന്നിവരാണ് ഇനി മടങ്ങിവരാനുള്ളത്.
മേഖലയിൽ കാണാതായവരുടെ ബന്ധുക്കൾക്കും ഒപ്പമുണ്ടായിരുന്ന പൊതുപ്രവർത്തകരോടും വൈദികരോടും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ നടപടിയെടുക്കാമെന്ന് വാഗ്ദാനം നൽകിയാണ് മന്ത്രി മടങ്ങിയത്. കടലിൽനിന്ന് രക്ഷപ്പെട്ടെത്തിയ മത്‌സ്യത്തൊഴിലാളികളോടും മന്ത്രി അനുഭവങ്ങളും വിവരങ്ങളും ചോദിച്ചറിഞ്ഞു.