സഖി വൺ സ്‌റ്റോപ്പ് സെന്റർ വഴി ജില്ലയിൽ റിപോർട്ട് ചെയ്തത് എട്ടു കേസുകൾ. സെന്റർ മുഖേന രജിസ്റ്റർ ചെയ്ത എട്ടു കേസുകളിൽ അഞ്ചെണ്ണം ഗാർഹിക പീഡനമാണ്. കേസുകളിലെല്ലാം കൗൺസിലിങ് ഉൾപ്പെടെ ആവശ്യമായ സഹായങ്ങൾ ഏർപ്പെടുത്തി. ഒമ്പതിലധികം ഓറിയന്റേഷൻ ക്ലാസുകൾ നടത്തി. സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെന്റർ അഡ്മിനിസ്‌ട്രേറ്റർ സിത്താര എം. ചാക്കോ റിപോർട്ട് അവതരിപ്പിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനും സെന്ററിന്റെ പ്രവർത്തനം കൂടുതൽ പേരിലെത്തിക്കാനും പ്രചാരണം ശക്തമാക്കാൻ കളക്ടർ നിർദേശിച്ചു. ഇതിനായി സ്‌കൂളുകൾ, കോളേജുകൾ, പഞ്ചായത്ത്, പൊതുസ്ഥലങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിൽ ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. 2018 നവംബർ 14ന് പ്രവർത്തനമാരംഭിച്ച സെന്ററിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. നിലവിൽ രണ്ടു ജീവനക്കാരാണ് ഉള്ളത്. കൂടുതൽ ജീവനക്കാരെ നിയമിക്കാൻ ഇന്റർവ്യൂ നടത്തി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.
ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ തരത്തിലുള്ള സഹായം നൽകുന്ന സംവിധാനമാണ് സഖി വൺ സ്റ്റോപ്പ് സെന്റർ പദ്ധതി. ഇരകൾക്ക് താത്ക്കാലിക അഭയം, ചികിത്സ, നിയമസഹായം, പൊലീസ് സേവനം, കൗൺസിലിങ് തുടങ്ങിയവ ഇവിടെ ലഭ്യമാക്കും. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കേന്ദ്ര സഹായത്തോടെയാണ് പ്രവർത്തനം. വനിതാ ഓഫീസർക്കാണ് സ്ഥാപനത്തിന്റെ ചുമതല. അതിക്രമങ്ങൾ നേരിട്ടവർക്ക് അഞ്ചു ദിവസം വരെ ഇവിടെ താമസിക്കാനും സൗകര്യമുണ്ട്. കൂടുതൽ ദിവസം തങ്ങണമെങ്കിൽ അതിനുള്ള സഹായവും നൽകും. കൂടുതൽ വിവരങ്ങൾക്ക് 04936- 202120.