g.sudakaran

ആലപ്പുഴ: ജില്ലയിലെ തകഴി സ്മാരകത്തിന്റെ നവീകരണത്തിനായി 5 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചതായി പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരൻ അറിയിച്ചു. തകഴി സ്മാരകത്തിന്റെ ചെയർമാൻ എന്ന നിലയിൽ മന്ത്രി ജി.സുധാകരന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് ബഡ്ജറ്റിൽ ആവശ്യമായ തുക വകയിരുത്തിയത്. പ്രളയത്തിൽ ദുരിതം നേരിട്ട ആലപ്പുഴ ജില്ലയുടെ പ്രത്യേകിച്ച് കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി രണ്ടാം കുട്ടനാട് പാക്കേജിനായി 1000 കോടി രൂപ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ആലപ്പുഴ – ചങ്ങനാശ്ശേരി കനാൽ നവീകരണത്തിനും തോട്ടപ്പള്ളി സ്പിൽവേയുടെ വീതിയും ആഴവും കൂട്ടുന്നതിനുമായി 40 കോടി രൂപ അനുവദിച്ചു. ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ് പുനർനിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പിന് 150 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആലപ്പുഴയിൽ റൈസ് പാർക്ക് സ്ഥാപിക്കുന്നതിന് ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. ഹെലികോപ്റ്റർ ഇറക്കുന്നതിനുള്ള ആധുനിക സൗകര്യത്തോടുകൂടി കുട്ടനാട് പുളിങ്കുന്ന് ഗവ. ആശുപത്രിയിൽ കിഫ്ബി ധനസഹായത്തോടെ ബഹുനില കെട്ടിടം നിർമ്മിക്കുന്നതിനും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയുടെ എല്ലാ മേഖലകളിലും സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ ബഡ്ജറ്റിൽ വിഭാവനം ചെയ്യുന്നുണ്ട്. പ്രളയദുരിതം നേരിട്ട ആലപ്പുഴ ജില്ലയുടെ ഉയർത്തെഴുന്നേൽപ്പിന് സഹായകമാണ് ഈ വർഷത്തെ ബഡ്ജറ്റ് പ്രസംഗമെന്ന് മന്ത്രി ജി.സുധാകരൻ അഭിപ്രായപ്പെട്ടു.