ആലപ്പുഴ: ജില്ലയിൽ പ്രളയത്തിൽ ഭാഗികമായി വീടുകൾക്ക് നാശം സംഭവിച്ചവർക്കുള്ള ധനസഹായം ഫെബ്രുവരി 10നകം പൂർത്തിയാക്കാൻ ജില്ല കളക്ടർ എസ്.സുഹാസ് നിർദേശിച്ചു. ധനസഹായം സമയബന്ധിതമായി പൂർത്തിയാക്കാൻ താലൂക്കുകളിൽ ഓരോ ഡപ്യൂട്ടി കളക്ടർമാർക്ക് ചുമതല നൽകി. ഫെബ്രുവരി ആറിനകം ബ്ലോക്കുതലത്തിൽ യോഗം വിളിക്കാനും കളക്ടർ നിർദേശിച്ചിട്ടുണ്ട്.
ചേർത്തല താലൂക്കിൽ എൽ.ആർ.ഡപ്യൂട്ടി കളക്ടർ, അമ്പലപ്പുഴയിൽ ഡപ്യൂട്ടി കളക്ടർ ജനറൽ, കുട്ടനാട് ആലപ്പുഴ സബ് കളക്ടർ, കാർത്തികപള്ളിയിൽ എൽ.എ ഡപ്യൂട്ടി കളക്ടർ, ചെങ്ങന്നൂരിൽ ചെങ്ങന്നൂർ ആർ.ഡി.ഒ., മാവേലിക്കരയിൽ ഡി.എം.ഡപ്യൂട്ടികളക്ടർ എന്നിവർക്കാണ് അധികചുമതല. ധനസഹായ വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ ഗ്രാമപഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിിവരുടെ യോഗം ഫെബ്രുവരി ആറിനകം വിളിച്ചുചേർക്കാനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. മാവേലിക്കരയിൽ നാലിന് രാവിലെ 11നും ചേർത്തലയിൽ അഞ്ചിന് ഉച്ചയ്ക്കു ശേഷം രണ്ടിനും കുട്ടനാട് വൈകീട്ട് 4.30നുമാണ് യോഗം. ചെങ്ങന്നൂരിൽ ആറിന് രാവിലെ 10നും കാർത്തികപള്ളിയിൽ ഉച്ചയ്ക്കു 12നും അമ്പലപ്പുഴയിൽ ഉച്ചയ്ക്കു ശേഷം 2.30നുമാണ് യോഗം.
വീടുകൾക്ക് 30 മുതൽ 70 ശതമാനം വരെ നാശം സംഭവിച്ചവയുടെ പരിശോധന ഫെബ്രുവരി 10നകം തീർക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാർക്ക് ജില്ല കളക്ടർ നിർദേശിച്ചു. വിരമിച്ച അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയർമാർ, ഓവർസിയർ, സിവിൽ എഞ്ചിനിയറിങ് ബിരുദധാരികൾ എന്നിവരെ നിശ്ചിത വേതനം നൽകി നിയോഗിക്കാനാണ് നിർദേശം.