കാക്കനാട്: കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രസ്റ്റ് ജില്ലയിൽ അദാലത്ത് നടത്തി. ഓട്ടിസം, സെറിബ്രൽ പാൾസി, വിവിധ തരത്തിലുള്ള വൈകല്യങ്ങൾ, ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ എന്നിവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് നാഷണൽ ട്രസ്റ്റ്. ട്രസ്റ്റിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എൻ.ജി.ഒകൾ, ജില്ലാ തലത്തിലുള്ള ലോക്കൽ ലെവൽ കമ്മിറ്റികൾ എന്നിവ വഴിയാണ് ട്രസ്റ്റിന്റെ പ്രവർത്തനം.
പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള വിവിധ തരത്തിലുള്ള വൈകല്യമുള്ളവർക്ക് ലീഗൽ ഗാർഡിയനെ ലഭ്യമാക്കുകയാണ് അദാലത്ത് വഴി ചെയ്യുന്നത്. മാതാപിതാക്കൾക്കോ സഹോദരി സഹോദരൻമാർക്കോ ലീഗൽ ഗാർഡിയൻ ആകാൻ സാധിക്കും. ഇതിനായി ആദ്യം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിൽ അപേക്ഷ നൽകുകയാണ് വേണ്ടത്. ജില്ലാ കളക്ടർ ചെയർമാനായുള്ള ലോക്കൽ ലെവൽ കമ്മിറ്റി അപേക്ഷ അംഗീകരിക്കും. വൈകല്യമുള്ളവരുടെ സംരക്ഷണം നല്ല രീതിയിൽ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി ലോക്കൽ ലെവൽ കമ്മിറ്റി അംഗങ്ങൾ ഇവരുടെ വീടുകളിൽ സന്ദർശനം നടത്തും. ഓരോ പ്രദേശത്തേയും വൈകല്യമുള്ളവരെ കണ്ടെത്തുന്നതിന് അംഗണവാടികൾ, ബഡ്സ് സ്കൂളുകൾ എന്നിവ സഹായിക്കും. കമ്മിറ്റിയിൽ ജില്ലാ കളക്ടർ കൂടാതെ കൺവീനർ ആയി നാഷണൽ ട്രസ്റ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എൻ.ജി.ഒ യിലെ ഒരു അംഗം, ഏതെങ്കിലും തരത്തിൽ വൈകല്യമുള്ള ഒരു വ്യക്തി, കോ- ഓപ്റ്റഡ് മെമ്പർമാരായി അഡ്വക്കേറ്റുകൾ, പോലീസ് ഓഫീസർമാർ, ഡോക്ടർമാർ എന്നിവരും അംഗങ്ങളായി ഉണ്ടാകും.
എറണാകുളം ജില്ലയിൽ നാഷണൽ ട്രസ്റ്റിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എൻ.ജി.ഒ ആണ് രക്ഷ സൊസൈറ്റി. രക്ഷാ സൊസൈറ്റിയുടെ പ്രിൻസിപ്പലും പ്രോജക്റ്റ് കോർഡിനേറ്ററും ലോക്കൽ ലെവൽ കമ്മിറ്റിയുടെ കൺവീനറുമായ എലിസബത്ത് ഫിലിപ്പ്, പേഴ്സൺ വിത്ത് ഡിസെബിലിറ്റി അംഗം എൻ.ആർ മേനോൻ, ആദർശ് സ്പെഷ്യൽ സ്കൂളിലെ ആർ. മഹാദേവൻ, അഡ്വ. രഘു കുമാർ എന്നിവർ അദാലത്തിൽ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന അദാലത്തിൽ 170 ഓളം പേരാണ് എത്തിയത്.
ക്യാപാഷൻ: കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന നാഷണൽ ട്രസ്റ്റ് അദാലത്തിൽ നിന്ന്