ആലപ്പുഴ: സർക്കാരിന്റെ ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്ന് ഈ വർഷം ജനുവരി മാസത്തിൽ 239 അപേക്ഷകർക്ക് 3,04,18,913 രൂപയുടെ ചികിത്സാ സഹായം ശുപാർശ ചെയ്തു. ഇതിൽ 96 കാൻസർ രോഗികളും 99 ഹൃദയ സംബന്ധമായ അസുഖമുള്ളവരും 34 വൃക്ക രോഗികളും 10 ന്യൂറോ സംബന്ധമായ അസുഖമുള്ളവരും ഉൾപ്പെടുന്നു. ഇതോടെ 2017 ജനുവരി മുതൽ 2019 ജനുവരി വരെ 6765 അപേക്ഷകളിലായി 91,26,12,062 രൂപയുടെ ചികിത്സാ സഹായം നൽകുകയുണ്ടായി. 3 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപയും കാൻസർ, കരൾ, തലച്ചോർ സംബന്ധമായ അസുഖങ്ങൾക്ക് 2 ലക്ഷം രൂപയും കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്ന് ചികിത്സാ സഹായം ലഭിക്കും. ഹീമോഫീലിയ രോഗികൾക്ക് വരുമാന പരിധി നോക്കാതെ ചികിത്സാ ചെലവ് പൂർണ്ണമായും കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്നും ലഭിക്കും. എ.ഡി.എം അബ്ദുൽ സലാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന കാരുണ്യ ബനവലന്റ് ഫണ്ട് ജില്ലാതല കമ്മറ്റിയിൽ കാരുണ്യബനവലന്റ് ഫണ്ട് ജില്ലാ കൺവീനർ ആർ. അനിൽകുമാർ, ഡോ. സിദ്ധാർത്ഥൻ (സൂപ്രണ്ട് ഇൻ-ചാർജ്ജ്), മെഡിക്കൽ കോളേജ് ആർ.എം.ഓ ഡോ. നോനാം ചെല്ലപ്പൻ എന്നിവർ പങ്കെടുത്തു.