കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായ ‘ഫെസ്റ്റിവൽ ഓൺ ഡെമോക്രസി’യിലെ രണ്ടാമത്തെ പരിപാടിയായ ‘നാഷണൽ സ്റ്റുഡൻറ്‌സ് പാർലമെൻറ്-കേരള 2019’ ഫെബ്രുവരി 23 മുതൽ 25 വരെ നടക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർഥി സമ്മേളനത്തിന്റെ രജിസ്‌ട്രേഷനുള്ള വെബ്‌സൈറ്റ് ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചു.  www.festivalondemocracy.in
 ൽ ഇതിനുള്ള സൗകര്യമുണ്ട്.
          രാജ്യത്തെ വിവിധ സർവകലാശാലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരം വിദ്യാർഥികൾ നാഷണൽ സ്റ്റുഡൻറ്‌സ് പാർലമെൻറിൽ പങ്കെടുക്കും. കേരള നിയമസഭാ സമുച്ചയത്തിയും നിശാഗന്ധി ഓഡിറ്റോറിയത്തിലുമായാണ് പരിപാടികൾ.
          പരിപാടിയുടെ മൂന്നു ദിവസങ്ങളിലും രാജ്യത്തെ വിവിധ മേഖലകളിലെ നിരവധി പ്രമുഖർ ജനാധിപത്യത്തിന്റെ വിവിധതലങ്ങളും പ്രായോഗിക വശങ്ങളും സാധ്യതകളും സംബന്ധിച്ച് വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കും.
         പ്ലീനറി, റീജിയണൽ സെഷനുകളിലെ തുറന്ന ചർച്ചയിലൂടെയും സംവാദങ്ങളിലൂടെയും വിദ്യാർഥികൾക്ക് പ്രമുഖ വ്യക്തികളുമായി ആശയവിനിമയത്തിന് അവസരമുണ്ട്.
          ഓരോ ദിവസത്തെയും ചർച്ചാപരിപാടിക്കുശേഷം പ്രതിനിധികളിലെ കലാവാസനയുള്ള വിദ്യാർഥികൾക്ക് കലാപരിപാടി അവതരിപ്പിക്കാൻ അവസരമുണ്ട്. വിദ്യാർഥികൾക്ക് അനൗപചാരിക ആശയവിനിമയത്തിന് അവസരമേകുന്ന ‘യൂത്ത് ടു യൂത്ത് കണക്ട് – റിംഗ്‌സ് ഓഫ് ഫയർ പരിപാടിയുമുണ്ടാകും. 25ന് നിശാഗന്ധി ഓഡിറ്റോറിയത്തിലെ സമാപനസമ്മേളനത്തോടനുബന്ധിച്ച് അയ്യായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന മാർച്ച് ഓഫ് ഡെമോക്രസി ഘോഷയാത്രയും കലാപരിപാടികളും ഉണ്ടാകും.