കാക്കനാട്: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സമഗ്ര ആരോഗ്യ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫീറുള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പൊതു സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയ ആരോഗ്യ പദ്ധതികള്‍ വിജയകരമായിരുന്നതായി വിലയിരുത്തി. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജീവിതശൈലീ രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, കുട്ടികളുടെ ആരോഗ്യ സംരക്ഷണം, ഇ ഹെല്‍ത്ത് എന്നീ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
വിവിധ വിഷയങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ സര്‍വ്വേകളും യോഗം വിലയിരുത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റസ് ബി റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഹെപ്പിറ്റൈറ്റിസ് ബി 44 പേരിലും ഹെപ്പിറ്റൈറ്റിസ് സി രണ്ട് പേരിലും സ്ഥിരീകരിച്ചിരുന്നു. 2017ല്‍ ജില്ലയില്‍ 267 പേരില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചപ്പോള്‍ 2018ല്‍ അത് 57 ആയി കുറയ്ക്കുവാന്‍ സാധിച്ചു. വാര്‍ഡ് തലത്തിലെ ഹെല്‍ത്ത് സാനിട്ടേഷന്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശ്കതിപ്പെടുത്തി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. കുട്ടികളുടെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഗുണകരമായതായി യോഗം വിലയിരുത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പകര്‍ച്ച വ്യാധികളുടെ വ്യാപനം ഫലപ്രദമായി തടയാന്‍ സാധിച്ചു. പ്രളയാനന്തരം ജില്ലയില്‍ പകര്‍ച്ച വ്യാധി ഭീക്ഷണി നിലനിന്നിരുന്നെങ്കിലും ഫലപ്രദമായ നടപടികളിലൂടെ പകര്‍ച്ചവ്യാധികളെ ചെറുക്കാന്‍ സാധിച്ചു.
മലേറിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ആഴ്ചതോറും റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുന്നുണ്ട്. ജില്ലയിലെ റബ്ബര്‍തോട്ട മേഖലകളെ കേന്ദ്രീകരിച്ച് ഡെങ്കിപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എച്ച്1എന്‍1 രോഗബാധയിലും 2018ല്‍ ജില്ലയില്‍ കുറവ് രേഖപ്പെടുത്തി. ജീവിതശൈലീ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമിതവണ്ണമുള്ളവരെ രോഗികളായി പരിഗണിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ ചികിത്സ ലഭ്യമാക്കും. ആരോഗ്യകരമായ ഭക്ഷണ രീതികളെക്കുറിച്ചുള്ള വിപുലമായ ബോധവത്കരണ പരിപാടികളും ഇതിന്റെ ഭാഗമായി നടത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ യെല്ലോ ലൈന്‍ ക്യാമ്പയിന്‍ നടത്തും. ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ 100 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര പരിധിയില്‍ ക്യാമ്പയിന്റെ ഭാഗമായി അടയാളപ്പെടുത്തും. വരും വര്‍ഷങ്ങളില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിധിയിലും പുകയില ഉത്പന്ന നിരോധിത മേഖലയായി അടയാളപ്പെടുത്തും. പാലിയേറ്റീവ് ചികിത്സാ രംഗത്ത് ജില്ല മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നതായി യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എന്‍. കെ. കുട്ടപ്പന്‍, ഡോക്ടര്‍ വി. കെ. ശ്രീകല, ഡോക്ടര്‍ വി. പി. പൈലി, അഡീഷണല്‍ ഡി.എം.ഒ ഡോക്ടര്‍ ശ്രീദേവി .എസ് തുടങ്ങിയവര്‍ വിവിധ ആരോഗ്യ വിഷയങ്ങളില്‍ അവതരണം നടത്തി.