കാക്കനാട്: പുതുവൈപ്പ് എൽപിജി ടെർമിനലിനെ സംബന്ധിച്ച് പ്രദേശവാസികൾക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫിറുള്ള. സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് ടെർമിനലിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. സുപ്രീം കോടതി അടക്കമുള്ള മേൽക്കോടതികളിൽ നിന്നും സ്റ്റേ ലഭിക്കാത്ത സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമില്ലെന്നും പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടെർമിനലിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ച് പ്രദേശവാസികൾ ഉന്നയിച്ച ആശങ്കകൾക്ക് ഐഒസി പ്രതിനിധി എസ്. ധനപാണ്ഡ്യൻ മറുപടി നൽകി. പുതുവൈപ്പിലേത് ആദ്യ എൽപിജി ടെർമിനൽ അല്ലെന്നും ഇന്ത്യയിലെ 13 തീരപ്രദേശ മേഖലകളിൽ ഇത്തരത്തിൽ പ്ലാന്റുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഏജൻസിയുമായി ചേർന്ന് പുതുവൈപ്പിൽ റിസ്ക് അനാലിസിസ് പഠനം നടത്തിയതാണ്. ടെർമിനലിൽ സംഭവിച്ചേക്കാവുന്ന അപകടങ്ങൾ അതിന്റെ ചുറ്റുമതിലിന് പുറത്തേക്ക് പോകാത്ത തരത്തിൽ മൾട്ടി ലെയർ സംരക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. തീ, ഗ്യാസിന്റെ മണം എന്നിവ തിരിച്ചറിഞ്ഞ് അപകട സാധ്യത ഒഴിവാക്കാനുള്ള സംവിധാനങ്ങളും ടെർമിനലിൽ ഉണ്ട്. റിസ്ക് അനാലിസിസ് പഠനത്തിൽ നിന്നും പത്ത് ലക്ഷത്തിൽ ഒന്നിന് മാത്രമാണ് അപകട സാധ്യത കണ്ടെത്തിയിട്ടുള്ളതെന്നും ധനപാണ്ഡ്യന്‍ വ്യക്തമാക്കി.

2010 ൽ പുതുവൈപ്പ് പദ്ധതിക്ക് കേന്ദ്ര സർക്കാരിൽ നിന്നും പാരിസ്ഥിതികാനുമതി ലഭിച്ചതാണ്. 2018ല്‍ പദ്ധതി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കേണ്ടതായിരുന്നു. സ്ഥലം ഏറ്റെടുക്കൽ ആവശ്യമില്ലാത്ത പദ്ധതിയാണ് പുതുവൈപ്പ് എൽപിജി ടെർമിനൽ. പദ്ധതിക്ക് ആവശ്യമായ 37 ഏക്കർ സ്ഥലം പാട്ടത്തിനാണ് പോർട്ട് ട്രസ്റ്റിൽ നിന്നും ഐഒസി എടുത്തിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും യാതൊരു തടസവും ഉണ്ടാകില്ല. 690 മീറ്റർ തീരദേശം മാത്രമാണ് പദ്ധതിക്കായി എടുക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പദ്ധതിക്കായി എല്ലാ അനുമതിയും നൽകിയിട്ടുള്ളതാണ്. പാരിസ്ഥിതികാനുമതിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എന്‍.ഒ.സിയും പദ്ധതിയ്ക്കുണ്ട്.

എല്‍.പി.ജി ടെര്‍മിനലുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ പരിശോധിക്കുന്നതിന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ എന്‍ പൂര്‍ണചന്ദ്രറാവുവിന്‍റെ നേതൃത്വത്തിലുള്ള സമിതിയെയും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മുന്‍ ചീഫ് ടൗണ്‍പ്‌ളാനര്‍ ഈപ്പന്‍ വര്‍ഗീസ്, എന്‍സിഇഎസ്എസ് മുന്‍ ശാസ്ത്രജ്ഞന്‍ കെ വി തോമസ് എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതര്‍, പുതുവൈപ്പ് നിവാസികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ ഹിയറിംഗ് നടത്തി സമിതി ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്‍, എന്‍സിഇഎസ്എസിലെ ഡോ കെ കെ രാമചന്ദ്രന്‍, ഡോ പ്രകാശ്, ഡോ രമേശന്‍, ജോണ്‍ മത്തായി എന്നിവരും ഹിയറിംഗുകളില്‍ പങ്കെടുത്തു. സമിതിയുടെ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത് ആവശ്യമായ നിര്‍ദേശങ്ങളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്.

കൊച്ചിൻ പോർട്ട് ട്രസ്റ്റ്, പുതുവൈപ്പിലെ പ്രത്യേക സാമ്പത്തികമേഖല എന്നിവയുമായി സഹകരിച്ച് ടെര്‍മിനലിന്‍റെ സമീപപ്രദേശങ്ങളില്‍ നീരൊഴുക്ക് ഫലപ്രദമാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഐഒസിയുടെ സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളിലൂടെ പുതുവൈപ്പിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം, ശുചിത്വം, ഗതാഗത സൗകര്യങ്ങൾ, പ്രാഥമികാരോഗ്യ സൗകര്യങ്ങൾ, പ്രാദേശിക വിഭാഗങ്ങളിലുള്ളവരുടെ വിദ്യാഭ്യസം എന്നിവ ഉറപ്പു വരുത്തണം. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്നും ഐ.ഒ.സി ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ മംഗലാപുരം, ചെന്നൈ പോർട്ടുകളിൽ നിന്നും റോഡ് മാർഗമാണ് കേരളത്തിലേക്ക് എൽപിജി എത്തിക്കുന്നത്. പുതുവൈപ്പിലെ ടെർമിനൽ ആരംഭിക്കുന്നതിലൂടെ അപകട സാധ്യതയുള്ള ഇത്തരം യാത്രകളും ഒഴിവാകും. കരുനാഗപ്പള്ളിയിലുണ്ടായ അപകടം ഉദാഹരണമാണ്.

പദ്ധതി ആരംഭിക്കാന്‍ വൈകുന്നത് മൂലം കൊച്ചി തുറമുഖ ട്രസ്റ്റിന് പ്രതിവര്‍ഷം 84 കോടി രൂപയാണ് നഷ്ടം സംഭവിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു.

എ.ഡി.എം ഇൻ ചാർജ് കെ. ചന്ദ്രശേഖരൻ നായർ , കൊച്ചി താലൂക്ക് തഹസിൽദാർ കെ.വി അംബ്രോസ്, പോലീസ് ഉദ്യോഗസ്ഥർ, സമരസമിതി അംഗങ്ങൾ, എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗങ്ങൾ, പ്രദേശ വാസികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.