മഴുവന്നൂര്‍: മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ മാമലത്ത്ചിറയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു. ജില്ലാപഞ്ചായത്തംഗം ജോര്‍ജ് ഇടപ്പരത്തി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. മഴുവന്നൂരിലെ പ്രധാന ജലസ്രോതസ്സാണ് മാമലത്ത്ചിറ. മണ്ണ് വന്ന് മൂടി ഉപയോഗശൂന്യമായ സാഹചര്യത്തിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നൂറ്കണക്കിന് കുടുംബങ്ങള്‍ക്ക് കുളിക്കുന്നതിനും, കിണറുകളുടെ ജലനിരപ്പ് ഉയര്‍ത്തുന്നതിനും കൃഷിയ്ക്കും ഈ ചിറയുടെ നവീകരണം ഉപകരിക്കും. പ്രശസ്തമായ മഴുവന്നൂര്‍ വാരിയര്‍ കുടുംബക്ഷേത്രത്തിന് സമീപമാണ് ചിറ സ്ഥിതി ചെയ്യുന്നത്. താലൂക്ക് സര്‍വ്വേയര്‍ അളന്ന് തിട്ടപ്പെടുത്തി ചിറയുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ചതിനെ തുടര്‍ന്നാണ് നിര്‍മ്മാണം ആരംഭിച്ചത്. ചിറയുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്ത് ഇരുപത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി.എന്‍. സുദര്‍ശനന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ പി.കെ. ബേബി, എം.എസ്. ശങ്കരന്‍കുട്ടി വാര്യര്‍ പി.എന്‍. അശോകന്‍, കെ.എന്‍. ഗോവിന്ദന്‍ നായര്‍, കെ.ഐ. ജോസഫ്, എ.വി. പ്രതാപന്‍, സുധാകരന്‍ മാസറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ: മാമലത്ത്ചിറയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾ ജില്ലാപഞ്ചായത്തംഗം ജോര്‍ജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്യുന്നു.