വയനാട്ടിൽനിന്നും ഇനി ഒറ്റയുറക്കത്തിന് കോഴിക്കോട്, കോട്ടയം വഴി തിരുവനന്തപുരത്തെത്താം. സുൽത്താൻ ബത്തേരിയിൽനിന്നും തിരുവനന്തപുരത്തേക്കുള്ള രണ്ടാമത്തെ രാത്രികാല കെ.എസ്.ആർ.ടി.സി ‘മിന്നൽ’ സൂപ്പർ എയർ ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു. നിലവിൽ മാനന്തവാടിയിൽനിന്നും ബത്തേരിയിൽനിന്നും തിരുവനന്തപുരത്തേക്ക് ഒരോ മിന്നൽ സർവീസ് നടത്തുന്നുണ്ട്. മാനന്തവാടിയിൽ നിന്നും രാത്രി ഏഴിനുള്ള മിന്നലും ബത്തേരിയിൽനിന്ന് രാത്രി 7.45 നുള്ള മിന്നലും താമരശ്ശേരി, പെരിന്തൽമണ്ണ, എറണാകുളം, ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്. എന്നാൽ പുതിയ മിന്നൽ കോഴിക്കോട്, കോട്ടയം (എം.സി റോഡ്) വഴിയായിരിക്കും സർവീസ് നടത്തുക. നേരത്തെ ആലപ്പുഴ വഴി മിന്നൽ സർവീസ് ആരംഭിച്ചതുമുതൽ കോട്ടയം വഴിയും ഒരു സർവീസ് വേണമെന്ന ആവശ്യം ഉയർന്നിരുന്നു. കുറഞ്ഞ നിരക്കിൽ കുറഞ്ഞ സ്റ്റോപ്പുകളിൽ നിർത്തി, കൃത്യമായ സമയം പാലിച്ച് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ മിന്നൽ സർവീസ് ഇതിനോടകം സ്വീകാര്യത നേടിയിട്ടുള്ളതാണ്.
ഡ്രൈവർ കം കണ്ടക്ടർമാരായിരിക്കും ബസിലുണ്ടാകുക. വയനാട്ടിൽനിന്നുള്ള മൂന്നാമത്തെ മിന്നൽ സർവീസ് സുൽത്താൻ ബത്തേരി ഡിപ്പോയായിരിക്കും ഓപറേറ്റ് ചെയ്യുക. ആകെ 9.20 മണിക്കൂറിനുള്ളിലാണ് ബത്തേരിയിൽനിന്നും മിന്നൽ തിരുവനന്തപുരത്തെത്തുക.
രാത്രി പത്തിന് സുൽത്താൻ ബത്തേരിയിൽനിന്നും പുറപ്പെട്ട് കൽപറ്റ (22.25), താമരശ്ശേരി (23.15), കോഴിക്കോട് (23.55), തൃശ്ശൂർ (02.15), മൂവാറ്റുപുഴ (03.30), കോട്ടയം (04.45),കൊട്ടാരക്കര (06.05) വഴി പുലർച്ചെ 7.20ന് തിരുവനന്തപുരത്തെത്തും. മേൽപറഞ്ഞ സ്ഥലങ്ങളിലും അങ്കമാലിയിലും (റിക്വസ്റ്റ്) മാത്രമായിരിക്കും ബസിന് സ്റ്റോപ്പുണ്ടാകുക. തിരുവനന്തപുരത്തുനിന്ന് രാത്രി എട്ടിന് പുറപ്പെട്ട് കൊട്ടാരക്കര (21.15), കോട്ടയം (22.50), മൂവാറ്റുപുഴ (23.50), തൃശ്ശൂർ (01.10), കോഴിക്കോട് (03.25), താമരശ്ശേരി (04.05), കൽപ്പറ്റ (04.55) വഴി പിറ്റേന്ന് പുലർച്ചെ 5.20ന് ബത്തേരിയിലെത്തും. നേരത്തെ കാസർകോട്- തിരുവനന്തപുരം റൂട്ടിൽ ഓടിയിരുന്ന മിന്നൽ ഷെഡ്യൂൾ ബസുകൾ (എ.ടി.സി 122, 123) ഉപയോഗിച്ചാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. പുതിയ സർവീസിന്റെ ഓൺലൈൻ റിസർവേഷനും ആരംഭിച്ചിട്ടുണ്ട് (ീിഹശില.സലൃമഹമൃരേ.രീാ). കെ.എസ്.ആർ.ടി.സിയുടെ റിസർവേഷൻ കൗണ്ടറുകളിൽനിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം. പുതിയ മിന്നൽ സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് മൂന്നിന് ബത്തേരി ഡിപ്പോയിൽ നടന്നു. ഈ മാസം ആദ്യം ബത്തേരിയിൽനിന്നും രാത്രി 9.30ന് കോഴിക്കോട്, കുറ്റിപ്പുറം, ഗുരുവായൂർ, എറണാകുളം വഴി പുനലൂരിലേക്കും തിരിച്ചും ആരംഭിച്ച സൂപ്പർ ഡീലക്സ് സർവീസ് ജനങ്ങൾ ഏറ്റെടുത്തതോടെയാണ് വയനാട്ടിൽനിന്നും വീണ്ടുമൊരു ദീർഘദൂര രാത്രികാല സർവീസ് ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്. പുതിയ മിന്നൽ സർവീസിലൂടെ രാത്രി വൈകി സുൽത്താൻ ബത്തേരിയിൽനിന്ന് പുറപ്പെട്ട് രാവിലെ തിരുവനന്തപുരത്ത് എത്താം. വിദ്യാർഥികൾക്കും മറ്റു ജോലിയാവശ്യങ്ങൾക്ക് പോകുന്നവർക്കും പുതിയ സർവീസ് സഹായകരമാകും.