കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വനം-വന്യജീവി വകുപ്പ്. കാട്ടുതീ, വന്യമൃഗ സംഘർഷം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിൽ കാട്ടുതീ തടയുന്നതിനായി തീപിടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഫയർലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഫയർ വാച്ചർമാരെ നിയമിക്കുകയും പട്രോളിങ് ശക്തിപ്പെടുത്തുകയും ചെയ്യും. റവന്യൂ, പഞ്ചായത്തുകൾ, എക്‌സൈസ്, പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്തനിവാരണ കമ്മിറ്റി രൂപീകരിച്ചു. വിവിധയിടങ്ങളിൽ ട്രക്കിങ് നിർത്തിവയ്ക്കാനും തീരുമാനിച്ചു. വനസംരക്ഷണ സമിതികൾ മുഖേന വിവിധ പ്രതിരോധ നടപടികൾ, ബോധവത്ക്കരണ ക്യാമ്പ്, റാലി തുടങ്ങിയവ നടത്തിവരുന്നു. വന്യമൃഗ സംഘർഷം ലഘൂകരിക്കാനായി പരിക്കേറ്റതും കാടുകളിൽ നിന്ന് പുറത്തുവരുന്നതുമായ മൃഗങ്ങളെ സംരക്ഷിക്കാൻ റസ്‌ക്യു സെന്റർ നിർമിക്കാൻ പ്രപ്പോസൽ തയ്യാറാക്കാൻ കളക്ടർ ആവശ്യപ്പെട്ടു. നോർത്ത് വയനാട് ഡി.എഫ്.ഒ ആർ. കീർത്തി, സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് കുമാർ, വൈൽഡ് ലൈഫ് വാർഡൻ എൻ.ടി. സാജൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.