കായികമേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച അനു മാത്യുവിന് ഉജ്ജ്വലബാല്യം പുരസ്‌കാരം. ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. സംസ്ഥാന ചിൽഡ്രൻസ് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആരോഗ്യ, സാമൂഹികനീതി, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിൽ നിന്ന് അനു പുരസ്‌കാരം ഏറ്റുവാങ്ങി. കല, കായികം, ശാസ്ത്രം, സാഹിത്യം, സാമൂഹികം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ച കുട്ടികൾക്ക് വനിതാ-ശിശുവികസന വകുപ്പാണ് ഉജ്ജ്വല ബാല്യം പുരസ്‌കാരം നൽകുന്നത്. ജില്ലാ കളക്ടർ ചെയർമാനായുള്ള ഏഴംഗ സെലക്ഷൻ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് ലഭിച്ച 23 അപേക്ഷകൾ പരിശോധിച്ച് വിജയിയെ കണ്ടെത്തുകയായിരുന്നു. 2017ൽ നടന്ന ദേശീയ മീറ്റ് ലോങ് ജംപിൽ അനു മാത്യു വെള്ളിമെഡൽ നേടിയിട്ടുണ്ട്. 62ാമത് സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ് ജംപിലും ട്രിപ്പിൾ ജംപിലും സ്വർണമെഡൽ കരസ്ഥമാക്കി. ഡൽഹിയിൽ നടന്ന 64ാമത് ദേശീയ മീറ്റിൽ ലോങ് ജംപിൽ വെങ്കലവും നേടി. ജില്ലാ സ്‌കൂൾ കായികമേളയിൽ ഓട്ടമത്സരത്തിൽ മികവ് തെളിയിച്ച അനു മാത്യു തേവര മേഴ്‌സികുട്ടൻസ് അക്കാദമിയിൽ ലോങ് ജംപ്, ട്രിപ്പിൾ ജംപ് എന്നീ ഇനങ്ങളിൽ പരിശീലനം നേടിവരികയാണ്. മാത്യു-സിനി ദമ്പതികളുടെ മകളാണ്.