റോഡ് സുരക്ഷാ വാരാഘോഷത്തോടനുബന്ധിച്ച് മോട്ടോർവാഹന വകുപ്പും കൽപ്പറ്റ കേരള അക്കാദമി എൻജിനീയറിങും ചേർന്ന് റോഡ് സുരക്ഷ സന്ദേശങ്ങൾ കൗമാരക്കാരായ കുട്ടികളിലേക്കെത്തിക്കാൻ ക്വിസ്, കൊളാഷ്, ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. ജോയിന്റ് ആർടിഒ വി.എം ഷെരീഫ് ഉദ്ഘാടനം ചെയ്തു. ബൈക്ക് റൈഡിങിലെ അപകടങ്ങൾ എങ്ങിനെ ഒഴിവാക്കാം എന്ന വിഷയത്തിൽ എംവിഐ കെ വി പ്രേമരാജൻ ക്ലാസെടുത്തു. ആർടിഒ എം.പി ജെയിംസ്, എൻഫോഴ്‌സ്‌മെന്റ് ആർടിഒ എ.കെ രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി വി. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സിനിമ താരം അബു സലീം സമ്മാനദാനം നിർവഹിച്ചു. അക്കാദമി വൈസ് പ്രിൻസിപ്പൽ ആർ. രതീഷ്‌കുമാർ, എംവിഐമാരായ വിനീഷ് പുതിയവീട്ടിൽ, കെ. രാജീവൻ തുടങ്ങിയവർ പങ്കെടുത്തു. വാരാചരണത്തോടനുബന്ധിച്ച് നടത്തിയ വാഹനപരിശോധനയിൽ സ്പീഡ് ഗവേണർ അഴിച്ചുമാറ്റിയതും റൂട്ട് മാറി ഓടിയതുമായ ബസ്സുകൾക്കെതിരേ നടപടിയെടുത്തു.
