മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി, പഞ്ചായത്തുതല ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി, ഹരിതകേരള മിഷൻ പഞ്ചായത്ത് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിനാവശ്യമായ പ്രാദേശിക കർമപദ്ധതികൾ തയ്യാറാക്കും. മഴയുടെ അളവിലും കാറ്റിന്റെ ഗതിയിലും താപനിലയിലും ഉണ്ടായിട്ടുള്ള മാറ്റം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് അവബോധം ജനങ്ങളിലെത്തിക്കും. അതിനായി പഞ്ചായത്ത്-വാർഡ്-സ്‌കൂൾതല ബയോഡൈവേഴ്‌സിറ്റി മനേജ്‌മെന്റ് കമ്മിറ്റികളുടെയും ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ കുട്ടികളിലും പൊതുജനങ്ങളിലും അവബോധമുണ്ടാക്കാനാണ് ആദ്യ കർമപദ്ധതി.
ദീർഘകാലത്തേക്ക് കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കാൻ കഴിയുന്ന തരത്തിൽ പ്രകൃതിചൂഷണം നിയന്ത്രിക്കുന്നതിന് പദ്ധതി ആസൂത്രണം നടത്തും. കിലയുടെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് പരിസ്ഥിതി സംഘടനകൾ, പരിസ്ഥിതി പ്രവർത്തകർ, എന്നിവരുടെ സഹകരണം ഉറപ്പാക്കും. കൂടാതെ കേരളത്തിലെ ഇതര ഗ്രാമപ്പഞ്ചായത്തുകൾക്ക് ഈ മേഖലയിൽ ഇടപെടാൻ സാധിക്കുന്ന തരത്തിൽ പഠന റിപോർട്ടും തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട് കാന്തൻപാറയിലെ പ്രകൃതസൗഹൃദ ഹാളിൽ ചേർന്ന ഫോക്കസ് ഗ്രൂപ്പ് ഡിസ്‌കഷൻ സബ് കളക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ യമുന അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കാപ്പൻ ഹംസ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻമാരായ യഹ്യാഖാൻ തലക്കൽ, ഷഹർബാൻ സൈതലവി, പ്രബിത, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി ഹരിഹരൻ, എ കെ റഫീക്ക്, പി സി ഹരിദാസൻ, യശോദ, ഷൈബാൻ, റസിയ, സഫിയ സമദ്, സതീദേവി, സംഗീത രാമകൃഷ്ണൻ, പി നിസാർ എന്നിവർ സംസാരിച്ചു.