കൃഷ്ണഗിരിയിൽ വീണ്ടും ക്രിക്കറ്റ് മാമാങ്കം. രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരം നാളെ തുടങ്ങും. ചതുർദിന മൽസരത്തിൽ ഇത്തവണ ഇന്ത്യ എ ടീം ഇംഗ്ലണ്ട് ലയൺസിനെ നേരിടും. 2015 ആഗസ്റ്റ് പതിനെട്ടിനായിരുന്നു ആദ്യ രാജ്യാന്തര മൽസരം. അന്ന് ദക്ഷിണാഫ്രിക്ക എ ടീം ആയിരുന്നു എതിരാളി. ഇന്നലെ വയനാട്ടിലെത്തിയ ഇന്ത്യ എ, ലയൺസ് ടീമുകൾ ഇന്ന് ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങും. നാളെ രാവിലെ 9.30 മുതലാണ് മൽസരം.
അങ്കിത് ഭാവനെ നയിക്കുന്ന ഇന്ത്യ എ ടീമിൽ കെ.എൽ രാഹുൽ, വരുൺ ആരോൺ, ശഹബാസ് നദീം, ജലജ് സക്സേന, പ്രിയങ്ക് പഞ്ചാൽ, ശ്രാദ്ധുൽ താക്കൂർ, റിക്കി ഭുയി, ആവേശ് ഖാൻ, നവദീപ് സൈനി, മായങ്ക് മാർക്കണ്ഡെ, ശ്രീകർ ഭരത്, സിദ്ധേശ് ലാധ്, അഭിമന്യു ഈശ്വരൻ എന്നിവർ അണിനിരക്കും. കേരളത്തിനായി രഞ്ജിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതാണ് ജലജ് സക്സേനക്ക് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നത്. 2015ൽ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സാം ബില്ലിംഗ്സ്, 2016ൽ അരങ്ങേറിയ ഇടംകൈയൻ ബാറ്റ്സ്മാൻ ബെൻ ഡുക്കറ്റ്, 2018ൽ അരങ്ങേറിയ ഡൊമനിക് ബെസ്, സാക്ക് ചാപ്പൽ, ലൂയിസ് ഗ്രിഗറി, ഡാനി ബ്രിഗ്സ്, സാം ഹൈൻ, ടോം ബെയ്ലി, വിൽ ജാക്ക്സ് തുടങ്ങിയ താരങ്ങളാണ് ഇംഗ്ലണ്ട് ലയൺസിനായി പാഡണിയുന്നത്.
ഇന്ത്യയെ വൻമതിൽ രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുമ്പോൾ സിംബാബ്വെയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആൻഡി ഫ്ളവറാണ് ഇംഗ്ലണ്ട് ലയൺസിനെ പരിശീലിപ്പിക്കുന്നത്. ആദ്യ ഇന്നിംഗ്‌സിൽ രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിൽ അമ്പാട്ടി റായിഡു നയിച്ച ഇന്ത്യൻ എ ടീമിനെതിരെ ഡെയിൻ വിൽസിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക എ ടീമുമായായിരുന്നു മത്സരം. സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കയുടെ ഒംഫിലെ റമേല കൃഷ്ണഗിരിയിലെ ആദ്യ രാജ്യാന്തര സെഞ്ചുറിക്കാരനായി. തൊട്ടുപിന്നാലെ കരുൺ നായർ ഇന്ത്യക്കാരന്റെ കൃഷ്ണഗിരിയിലെ ആദ്യ സെഞ്ചുറി തന്റെ പേരിലും കുറിച്ചു. ക്വിന്റൺ ഡീകോക്ക്, അക്ഷർ പട്ടേൽ അടക്കമുള്ള താരങ്ങളാണ് അന്നു ദക്ഷിണാഫ്രിക്കക്കു വേണ്ടി അന്ന് പാഡണിഞ്ഞത്.