പ്രളയ ദുരന്ത ബാധിതർക്ക് ഉപജീവന മാർഗ്ഗങ്ങൾ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിനു സർക്കാരിന്റെ നേതൃത്വത്തിൽ ഉജ്ജീവന വായ്പ പദ്ധതി തയ്യാറായി. പ്രളയത്തിൽ മൃഗസംരക്ഷണ മേഖലയിൽ ജീവനോപാധി നഷ്ടപ്പെട്ടവർ, സൂക്ഷ്മ-ചെറുകിട-ഇടത്തരം വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ, കടകൾ, കിസാൻ കാർഡ് ഉടമകൾ, അലങ്കാര പക്ഷി കർഷകർ, തേനീച്ച കർഷകർ എന്നി മേഖലകളിലുള്ള ദുരന്തബാധിതർക്കാണ് ഉപജീവന മാർഗ്ഗങ്ങൾ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിനാണ് സർക്കാർ സഹായം. ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നും എടുക്കുന്ന വായ്പകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ലഭിക്കും. സർക്കാർ ഉത്തരവ് പ്രകാരം 2019 മാർച്ച് 31 വരെ പദ്ധതിക്കായി അപേക്ഷിക്കാം. ജില്ലയിൽ ഫെബ്രുവരി 23 നകം അർഹരായവർ ബാങ്കിൽ അപേക്ഷ നൽകുന്നതിനും ഈ മാസം തന്നെ വായ്പകൾ വിതരണം ചെയ്യുന്നതിനും ജില്ലാ കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രളയ ദുരന്ത ബാധിതരുടെ പട്ടിക ബാങ്ക് ശാഖ മാനേജർമാർക്ക് ലീഡ് ജില്ലാ ബാങ്ക് മാനേജർ നൽകും. ബാങ്കുകൾക്കും ഗുണഭോക്താക്കൾക്കും സംശയ നിവാരണത്തിന് ലീഡ് ജില്ലാ ബാങ്ക് മാനേജരെ ബന്ധപ്പെടാമെന്ന് പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തിൽ കളക്ടർ അറിയിച്ചു.
ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നും എടുക്കുന്ന വായ്പകൾ താഴെ പറയും പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കും. ജീവനോപാധി പുനരധിവാസത്തിനായി എടുക്കുന്ന ടേം ലോണിന്റെ മാർജിൻ മണിയായി രണ്ടു ലക്ഷം രൂപയോ, വായ്പയുടെ 25 ശതമാനമോ ഏതാണോ കുറവ് ആ തുക ലഭിക്കും. ജീവനോപാധി പുനരാരാംഭത്തിനായി പ്രവർത്തന മൂലധനം മാത്രം എടുത്തവർക്ക്, വായ്പയുടെ 25 ശതമാനമോ ഒരു ലക്ഷം രൂപയോ ഏതാണോ കുറവ് ആ തുകയും ധനസഹായമായും ലഭിക്കും. ജീവനോപാധി പുനരാരംഭത്തിനായി പ്രവർത്തന മൂലധനം മാത്രം എടുക്കുന്നവർക്ക് വായ്പാ തുകയിൽ 10 ലക്ഷം വരേക്കും മാർജിൻ മണിക്ക് പകരം ഒരു വർഷത്തേക്ക് 9 ശതമാനം നിരക്കിൽ താങ്ങ് പലിശ നൽകും. കൃഷിവായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന കിസാൻ ക്രഡിറ്റ് കാർഡ് ഉടമകൾക്ക് നാല് ശതമാനം താങ്ങ് പലിശ ഒരു വർഷത്തേക്ക് സഹായമായി ലഭിക്കും.
പദ്ധതിക്ക് അർഹരായവർ
പ്രളയത്തെ തുടർന്ന് ദുരന്ത പ്രതികരണ നിധിയിൽ നിന്നും മാനദണ്ഡ പ്രകാരം ധനസഹായം നൽകുന്നതിനുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ക്ഷീര കർഷകർ, പൗൾട്രീ കർഷകർ. പ്രളയത്തിൽ നഷ്ടം സംഭവിച്ചവരെന്ന് കൃഷി വകുപ്പ് സാക്ഷ്യപ്പെടുത്തുന്ന തേനീച്ച കർഷകർ, മൃഗ സംരക്ഷണ വകുപ്പ് സാക്ഷ്യപ്പെടുത്തുന്ന അലങ്കാര പക്ഷി കർഷകർ. പ്രളയത്തിൽ നഷ്ടം സംഭവിച്ചതെന്ന് വ്യവസായ വകുപ്പ് കണ്ടെത്തിയ സൂക്ഷ്മ – ചെറുകിട – ഇടത്തര വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ, കടകൾ എന്നിവയുടെ സംരഭകർ. ദുരന്ത പ്രതികരണ നിധിയിൽ നിന്നും സഹായം ലഭിച്ച കിസാൻ ക്രഡിറ്റ് കാർഡുള്ള കർഷകർ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
അപേക്ഷിക്കേണ്ട വിധം
ദുരന്ത ബാധിതരായ കർഷകർ /സംരഭകർ നേരിട്ട് ബാങ്കുകളിൽ അപേക്ഷ നൽകണം. തേനീച്ച കർഷകർ, അലങ്കാര പക്ഷികർഷകർ എന്നിവർ നിർദ്ദിഷ്ട ഫോറത്തിലുള്ള വകുപ്പുതല ഉദ്യോഗസ്ഥരുടെ ശുപാർശ സഹിതമാണ് ബാങ്കുകളിൽ അപേക്ഷ നൽകേണ്ടത്. നിലവിൽ ബാങ്ക് ലോൺ ഉള്ള ഗുണഭോക്താക്കൾ അതേ ബാങ്ക് ശാഖയിൽ തന്നെയാണ് ഉജ്ജീവന പദ്ധതിക്കും അപേക്ഷ സമർപ്പിക്കേണ്ടത്. പുതിയ അപേക്ഷകർ അവരുടെ സർവ്വീസ് ഏരിയ ബാങ്ക് ശാഖയിലും അപേക്ഷ നൽകണം.