മെച്ചപ്പെട്ട സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കി അക്ഷയ കേന്ദ്രങ്ങൾ ആശ്രയ കേന്ദ്രങ്ങളായി മാറണമെന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാർ. കളക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ അക്ഷയ സംരംഭകരുടെ പ്രവർത്തന അവലോകന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ കേന്ദ്രങ്ങളിലും കൃത്യമായ സേവന നിരക്ക് ചാർട്ട് സ്ഥാപിക്കണം. അക്ഷയ കേന്ദ്രങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ചില്ലെങ്കിൽ ജില്ലാ കോഡിനേറ്ററെ വിവരമറിയിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് നടന്ന അവലോകന യോഗത്തിൽ സേവനങ്ങൾക്ക് കൃത്യമായ റസീറ്റ് നൽകണമെന്ന് ജില്ലാ കോഡിനേറ്റർ കൂടിയായ ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.എം സുരേഷ് നിർദേശിച്ചു. കൂടാതെ അക്ഷയ കേന്ദ്രങ്ങളിൽ പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തണം. നിലവിലെ സേവന കേന്ദ്രങ്ങളിൽ ജോലിക്കാരുടെ അപര്യാപ്തത ഉണ്ടെങ്കിൽ പരിഹരിക്കാനും കൃത്യസമയം പാലിക്കാനും നിർദ്ദേശം നൽകി. അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്നവർക്കും ജോലിക്കാർക്കും ശുചിമുറികൾ ഉറപ്പാക്കണം. സേവനങ്ങളുടെ കാലതാമസം ഒഴിവാക്കി കസ്റ്റമർ കെയർ സംവിധാനം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ അക്ഷയ സംരംഭകനുള്ള അവാർഡ് നേടിയ കോറോം അക്ഷയ കേന്ദ്രത്തിലെ മുഹമ്മദ് റാഫിയെ ചടങ്ങിൽ ആദരിച്ചു. ജില്ലയിലെ മുഴുവൻ അക്ഷയ കേന്ദ്രങ്ങളുടെയും വിവരങ്ങൾ അടങ്ങിയ ലീഫ്‌ലെറ്റ് കളക്ടർ പ്രകാശനം ചെയ്തു. അക്ഷയകേന്ദ്രങ്ങളുടെ വരുമാനം വർധിപ്പിക്കണമെന്നും അനധികൃത സേവനകേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംരംഭകർ ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ ഫിനാൻസ് ഓഫീസർ എ.കെ. ദിനേശൻ, ജില്ലാ പ്രൊജക്ട് മാനേജർ ജെറിൻ സി. ബോബൻ, കോഡിനേറ്റർ ജിൻസി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
