സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ ഉദ്ഘാടനത്തിനൊരുങ്ങിയത് നിരവധി പദ്ധതികൾ. പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ആഘോഷത്തിന്റെ ഭാഗമായി നടക്കും. പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ മിനി ഹാളിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഫെബ്രുവരി 20 മുതൽ 27 വരെയാണ് ആഘോഷപരിപാടികൾ. വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും മേൽനോട്ടത്തിൽ നിർമിച്ച ആയിരത്തോളം വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറും. ആരോഗ്യവകുപ്പിന് കീഴിൽ നിർമിച്ച വിവിധ ആരോഗ്യകേന്ദ്രങ്ങൾ, എക്സൈസ് വകുപ്പിന്റെ ലഹരിമോചന ചികിൽസാ കേന്ദ്രം, കൽപ്പറ്റ അമൃത്, സുഗന്ധഗിരിയിലെ വിവിധ വികസന പദ്ധതികൾ, വിവിധ പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി നിർമിച്ച മൂന്നു കുടിവെള്ള പദ്ധതികൾ തുടങ്ങിയവ ഉദ്ഘാടനം ചെയ്യും. അഞ്ചു കോടി രൂപ മുതൽ മുടക്കുന്ന കർലാട് തടാകം പുനരുദ്ധാരണം, കൽപ്പറ്റ ടൗൺഹാൾ, യുനസ്‌കോയുടെ സഹായത്തിൽ നടപ്പാക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയുടെ നിർമാണ പ്രവൃത്തിക്കും തുടക്കം കുറിക്കും. പണി പൂർത്തീകരിച്ച 10 സ്‌കൂൾ കെട്ടിടങ്ങളും പൂമല ബിഎഡ് സെന്ററിന്റെ പുതിയ കെട്ടിടവും നാടിനു സമർപ്പിക്കും.
ഉദ്ഘാടനം ചെയ്യുന്ന ഇതര പദ്ധതികൾ: കണിയാമ്പറ്റ എംആർഎസ് മൾട്ടി പ്ലേ ഗ്രൗണ്ട്, സാമൂഹികനീതി വകുപ്പിന്റെ വൺ സ്റ്റോപ്പ് സെന്റർ, ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ആവാസ് കൗണ്ടർ, വയനാട് ഗവ. എൻജിനീയറിങ് കോളജ് വനിതാ ഹോസ്റ്റൽ, നല്ലൂർനാട് അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ, മാനന്തവാടി ഗവ. കോളജ് സെന്റർ ഫോർ എക്‌സലൻസ് കെട്ടിടം, തൃശ്ശിലേരി ഗവ. ഹൈസ്‌കൂൾ കെട്ടിടം, മാനന്തവാടി ഐഎച്ച്ആർഡി കോളജ് കെട്ടിടം, നെല്ലാറച്ചാൽ ഗവ. യുപി സ്‌കൂൾ കെട്ടിടം, മാനന്തവാടി കെഎസ്ആർടിസി ബസ് സ്റ്റേഷൻ യാർഡ്, സുൽത്താൻ ബത്തേരി ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്റർ ഫാർമേഴ്‌സ് കോംപ്ലക്‌സ്, ചെറുപുഴ പാലം, മുട്ടിൽ-മേപ്പാടി, വടുവൻചാൽ-കൊളഗപ്പാറ, പാറക്കടവ്-മാടപ്പള്ളി-ചാമപ്പാറ, അഞ്ചാംപീടിക-പുതുശ്ശേരി റോഡുകൾ.
കിഫ്ബിയിൽ ഉൾപ്പെടുത്തി ബീനാച്ചി-പനമരം റോഡ്, ചെന്നലോട്-മുണ്ടക്കുറ്റി-ചേര്യംകൊല്ലി, പടിഞ്ഞാറത്തറ-കുപ്പാടിത്തറ റോഡുകളുടെ നവീകരണ പ്രവൃത്തികൾ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ആരംഭിക്കും. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ ബ്ലോക്ക്, വൈത്തിരി താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡിന് അടിസ്ഥാനസൗകര്യ നിർമാണം, കാട്ടിക്കുളം ഗവ. എച്ച്എസ്എസിന് പുതിയ കെട്ടിടം, എൻജിനീയറിങ് കോളജ് പ്ലേസ്‌മെന്റ് സെന്റർ കം ഗസ്റ്റ് ഹൗസ് നിർമാണം, ഗവ. എൻജിനീയറിങ് വർക്ക് ഷോപ്പ് കെട്ടിടത്തിന്റെ ഒന്നാംനില നിർമാണം, പി കെ കാളൻ കോളജ് കെട്ടിടത്തിന് മുകളിൽ ഒന്നാംനില നിർമാണം എന്നിവയ്ക്കും തുടക്കമാവും. എംഎസ്ഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിതി കേന്ദ്രം നിർമിച്ച 10 സ്‌കൂൾ കെട്ടിടങ്ങളാണ് ഇക്കാലയളവിൽ ഉദ്ഘാടനം ചെയ്യുക. വയനാട് വന്യജീവി സങ്കേതത്തിൽ റെയിൽ ഫെൻസിങിന്റെ നിർമാണം ഈ മാസം തന്നെ തുടങ്ങും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർക്കാണ് ജില്ലയിലെ ആഘോഷ പരിപാടികളുടെ മേൽനോട്ട ചുമതല. എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്ന് ദിവസത്തെ ആഘോഷ പരിപാടികൾ ഉണ്ടാകും. ജില്ലാതലത്തിൽ വിവിധ വകുപ്പുകൾ പങ്കെടുക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രദർശനം, വികസന സെമിനാറുകൾ, സാംസ്‌കാരിക പരിപാടികൾ, മീഡിയ കോൺക്ലേവ് എന്നിവയും സംഘടിപ്പിക്കും. യോഗത്തിൽ എഡിഎം കെ. അജീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ.ടി ശേഖരൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.