* മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
പ്രൊഫഷണൽ വിദ്യാർഥികൾക്ക് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭവ്യക്തിത്വങ്ങളെ അടുത്തറിയാനും അവരുടെ പരിജ്ഞാനം പ്രയോജനപ്പെടുത്താനുമായി സംസ്ഥാന സർക്കാർ പ്രൊഫഷണൽ സ്റ്റുഡന്റ് സമ്മിറ്റ് നടത്തുന്നു. കേരള ആസൂത്രണ ബോർഡിന്റെ സഹകരണത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടി ഫെബ്രുവരി 10ന് രാവിലെ 10ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകളിൽ നിന്നും മികച്ച വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന രണ്ടായിരത്തോളം പേരാണ് സമ്മിറ്റിൽ പങ്കെടുക്കുന്നത്. രണ്ടായിരം വിദ്യാർത്ഥികളെ 12 വിഷയ ഗ്രൂപ്പുകളായി തിരിച്ച് ചർച്ചകൾ നടത്തും.  വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജസ്റ്റിസ്. (റിട്ട) ഗോപാല ഗൗഡ, ഡോ. എം.എസ്. വല്യത്താൻ, സന്ദീപ് പി. ത്രിവേദി, ഡോ. സൗമ്യ സ്വാമിനാഥൻ, ഡോ. എൻ.ആർ. മാധവമേനോൻ, എസ്. സോമനാഥ്, ജുവാന കെയിൻ പൊറ്റാക്ക, സൗദാബി. എൻ, ഡോ. എൽ.എസ്. ഗണേഷ്, ഡോ. വി.ആർ. ലളിതാംബിക തുടങ്ങിയവർ വിദ്യാർഥികളോട് സംവദിക്കും. കമ്പ്യൂട്ടർ സയൻസ്, ഇലക്ടോണിക്‌സ്, ഇലക്ടിക്കൽ, മെക്കാനിക്കൽ, സിവിൽ എന്നിവയും അനുബന്ധവിഷയങ്ങളും മെഡിസിൻ, ബി.ഫാം, നേഴ്‌സിംഗ്, ഡെന്റൽ, ആയുർവേദ, ഹോമിയോപ്പതി, നിയമം, ഫിഷറീസ്, വെറ്ററിനറി അഗ്രിക്കൾച്ചർ, മാനേജ്‌മെന്റ് എന്നീ മേഖലകളെയാണ് വിദ്യാർഥികൾ പ്രതിനിധീകരിക്കുന്നത്.
അസാപ് (അഡീഷണൽ സ്്കിൽ അക്വസിഷൻ പ്രോഗ്രാം) ആയിരിക്കും പരിപാടിയുടെ നോഡൽ ഏജൻസി. അസാപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റീത്ത എസ്. പ്രഭയും  വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.