ആലപ്പുഴ: നഗരത്തിലെ കനാലുകളുടെ നവീകരണത്തിന്റെ ഒന്നാം ഘട്ടമാരംഭിച്ചു. ഒൻപത് പ്രധാന കനാലുകളുടെയും ചെറു കനാലുകളുടെയും നവീകരണത്തിനായി 108 കോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്. നാലുഘട്ടങ്ങളായാണ് കനാൽ നവീകരണ പദ്ധതി ആരംഭിക്കുന്നത്. ഉപ്പുട്ടി കനാലിൽ നിന്ന് ആരംഭിച്ച പദ്ധതിയുടെ ഒന്നാം ഘട്ടം മേയ് 31നു പൂർത്തിയാക്കും.വാടക്കനാൽ, വാണിജ്യക്കനാൽ,വെസ്റ്റ് ജംങ്ഷൻ കനാൽ, ഈസ്റ്റ് ജംങ്ഷൻ കനാൽ, ഉപ്പൂട്ടിക്കനാൽ, മുറിഞ്ഞപുഴ തോട്, കൊട്ടാരംതോട്, ആലപ്പുഴ ചേർത്തല കനാൽ (ഏകദേശം 18 കിലോമീറ്റർ), ആലപ്പുഴ അമ്പലപ്പുഴ കനാൽ എന്നിവയാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെട്ട പ്രധാന കനാലുകൾ.
കനാലുകൾ വറ്റിച്ച് ചെളി കോരി വൃത്തിയാക്കുന്ന പദ്ധതിയാണ് ആദ്യം നടപ്പിലാക്കുന്നത്. ഇതിനു ശേഷം ഉപ്പുവെള്ളം കയറ്റി ശുദ്ധിയാക്കും. 33 കിലോമീറ്റർ ദൂരത്തിലാണ് പ്രധാന കനാലുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. കനാൽ ശുചീകരണത്തിന് ശേഷം മാലിന്യം തള്ളാൻ അനുവദിക്കില്ല. കനാലിലേക്കു തുറന്നിരിക്കുന്ന എല്ലാ കുഴലുകളും അടയ്ക്കും. ഹോട്ടലുകൾക്ക് അടക്കം ഇതു സംബന്ധിച്ചു നോട്ടിസ് നൽകും. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് നവീകരണജോലികൾ നടക്കുന്നത്. കനാലിലേക്ക് മാലിന്യംതള്ളുന്നത് തടയാൻ നഗരസഭ ഹോട്ടലുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിത്തുടങ്ങി. നേരത്തെ കനാലിന്റെ നവീകരണ ജോലികൾക്കായി 38.98 കോടി രൂപയുടെ അടങ്കലാണ് ആദ്യം തയ്യാറാക്കിയത്. എന്നാൽ, ടെൻഡറിൽ ഏറ്റവും കുറവുതുക രേഖപ്പെടുത്തിയത് 42 കോടിയായിരുന്നു. ഇതോടെ ജനുവരി ആദ്യവാരം ആരംഭിക്കാനിരുന്ന ജോലികൾ വൈകി. പിന്നീട് ജനുവരി 17ന് ചേർന്ന കിഫ്ബി യോഗത്തിൽ കനാൽ നവീകരണത്തിന് 43 കോടിരൂപ അനുവദിച്ചു. ആദ്യഘട്ടത്തിൽ കനാലിൽ ബണ്ട് കെട്ടി വെള്ളം വറ്റിക്കും.പിന്നീട് നീക്കം ചെയ്യുന്ന ചെളി ലോറിയിൽ മണ്ണഞ്ചേരിയിൽ എത്തിച്ച് ബാർജ് വഴി കുട്ടനാട്ടിലേക്ക് കൊണ്ടുപോകും. ഈ ചെളി കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറംബണ്ട് ശക്തിപ്പെടുത്താൻ സൗജന്യമായി നൽകും. പടിഞ്ഞാറു നിന്നു കിഴക്കോട്ട് എന്ന രീതിയിലാകും ബണ്ട് ഇടുക. നീരൊഴുക്കിനു തടസമായി നിൽക്കുന്ന ബണ്ടുകൾ നീക്കം ചെയ്ത് കനാലിലേക്കു മറിഞ്ഞുകിടക്കുന്ന മരങ്ങളും മറിയാൻ സാധ്യതയുള്ള മരങ്ങളും മുറിച്ചുമാറ്റും.
48 കോടി രൂപ വകയിരുത്തിയ രണ്ടാം ഘട്ടത്തിൽ അമൃത് പദ്ധതി വഴി ചെറുകനാലുകളുടെ നവീകരണമാണ് നടക്കുന്നത്. ശേഷം 145 പ്രോജക്ടുകളിലായി 36 കിലോമീറ്ററിലുള്ള കനാലുകളുടെ നവീകരണം നടക്കും. അയ്യപ്പൻ പൊഴി, തുമ്പോളി പൊഴി നവീകരണം എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. ആദ്യ രണ്ടു ഘട്ടത്തിലും ഉൾപ്പെടാത്ത കനാലുകളുടെ നവീകരണം മൂന്നാം ഘട്ടത്തിൽ നടക്കും.
നാലാം ഘട്ടത്തിൽ വൃത്തിയാക്കിയ കനാലുകളിൽ പോള ശല്യം ഒഴിവാക്കാനായി ഉപ്പുവെള്ളം കയറ്റി ശുദ്ധീകരണം നടത്തും. ഇതിനുള്ള പദ്ധതി അടുത്ത വർഷം അവലംബിക്കും. ഉപ്പൂട്ടി കനാലിലേക്കു കടലിൽനിന്നു മോട്ടോർ പമ്പ് ഉപയോഗിച്ചു വെള്ളം കയറ്റാനും ഇറക്കാനുമുള്ള പദ്ധതിയും വെള്ളം കായലിൽ എത്താതിരിക്കാൻ വാടക്കനാൽ, വാണിജ്യക്കനാൽ, ആലപ്പുഴ,അമ്പലപ്പുഴ കനാൽ, ചേർത്തല കനാൽ എന്നിവിടങ്ങളിൽ റെഗുലേറ്റർ സ്ഥാപിക്കലും കനാലുകളുടെ സൗന്ദര്യവത്കരണവും നടക്കും.