കാലങ്ങളായി സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്ന പട്ടിക വര്‍ഗ സമൂഹത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ജില്ലയിലെ പട്ടിക വര്‍ഗ സങ്കേതങ്ങള്‍ വികസിപ്പിക്കുന്നു. കോളനികളുടെ പശ്ചാത്തല സൗകര്യ വികസനത്തിനായി സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പ് ജില്ലയിലെ കോളനികള്‍ക്ക് എട്ടു കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചത്. സാമൂഹിക സാമ്പത്തിക വ്യവഹാരങ്ങളില്‍ നിന്നും പുറന്തള്ളപ്പെട്ടിരുന്ന സാമൂഹിക വിഭാഗത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയുടെ കീഴിലാണ് ജില്ലയിലെ എട്ടു കോളനികള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചത്. കോളനികളില്‍ ലിങ്ക് റോഡുകള്‍, നടപ്പാതകള്‍, കമ്മ്യൂണിറ്റി കേന്ദ്രങ്ങള്‍, അങ്കണവാടികള്‍ തുടങ്ങിയവ നിര്‍മ്മിക്കാനും കുടിവെള്ളം ലഭ്യമാക്കാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൂടാതെ പുതിയ വീടുകള്‍ നിര്‍മ്മിക്കാനും വീടുകളുടെ അറ്റകുറ്റപണികള്‍ നിര്‍വഹിക്കാനും തുകയനുവദിക്കും. പിലികുഡ്ലു, രാമനടുക്കം ചൂളങ്കല്ല്, കിനാനൂര്‍കരിന്തളം പഞ്ചായത്തിലെ ചീറ്റ, വെള്ളരിക്കയ, മേക്കോടം, വളഞ്ഞങ്ങാനം, മാവിനക്കട്ട കുണ്ടങ്കാരടുക്ക, വായിക്കാനം എന്നിവിടങ്ങളിലെ പട്ടിക വര്‍ഗ കോളനികളിലാണ് വികസന പദ്ധതികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. വ്യക്തി കേന്ദ്രീകൃതമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം പട്ടിക വര്‍ഗ വിഭാഗത്തിന്റെ സമഗ്ര സാമൂഹിക വികസനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കോളനികളുടെ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ സാമൂഹിക പദവി ഉയര്‍ത്താന്‍ സാധിക്കുമെന്നും ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ പി.ടി. അനന്തകൃഷ്ണന്‍ പറഞ്ഞു. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോളനികളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും സമയബന്ധിതമായി ജൂലൈ മാസത്തിനകം തന്നെ പൂര്‍ണമായി പൂര്‍ത്തീകരിക്കുമെന്നും ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്സിക്യുട്ടീവ് സെക്രട്ടറി ആര്‍.സി ജയരാജന്‍ പറഞ്ഞു.ജില്ലയുടെ മലയോരങ്ങളിലും മറ്റുമായി ഒറ്റപ്പെട്ടു കിടക്കുന്ന അവികസിത മേഖലകളിലെ കോളനികളെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക്് തിരഞ്ഞെടുത്തിട്ടുള്ളത്. ഇത്തരം പ്രദേശങ്ങളിലേക്ക് നിര്‍മ്മാണ വസ്തുക്കള്‍ എത്തിക്കുന്നത് ശ്രമകരമാണെങ്കിലും സര്‍ക്കാര്‍ സഹായം ഏറ്റവും അര്‍ഹരായ ജനവിഭാഗത്തിന് ലഭ്യമാക്കേണ്ടതിനാല്‍ ജില്ലാ നിര്‍മ്മിതി കേന്ദ്ര ഏറ്റവും മികച്ച രീതിയില്‍ കോളനികളിലെ വികസനം സാധ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തെ കൈപ്പിടിച്ചുയര്‍ത്തി സാമൂഹിക സാമ്പത്തിക സാംസ്‌കാരിക വ്യവഹാരങ്ങളില്‍ അവരെ കണ്ണിചേര്‍ക്കാന്‍ സാധിക്കാനാണ് സര്‍ക്കാര്‍ യജ്ഞം കൊണ്ട് ഉദ്ദേശിക്കുന്നത്.
