ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കളക്ടർമാർക്ക് ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു. ഐ. എം. ജിയിൽ നടക്കുന്ന പരിശീലനം ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മീഷൻ ചുമതലപ്പെടുത്തിയ  മാസ്റ്റർ ട്രെയിനർമാരാണ് പരിശീലനം നൽകുന്നത്.
മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. നിഷ്പക്ഷത പാലിക്കാനും തിരഞ്ഞെടുപ്പ് സംബന്ധിച്ച അറിയിപ്പുകളും വിവരങ്ങളും കൃത്യമായി എല്ലാ രാഷ്ട്രീയ കക്ഷികൾക്കും നൽകാനും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർമാരുടെ ചുമതലകൾ, നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന, പിൻവലിക്കൽ, ചിഹ്‌നങ്ങൾ നൽകുന്നത്, പ്രശ്‌നബാധിത സ്ഥലങ്ങൾ തിട്ടപ്പെടുത്തൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം, വോട്ടെണ്ണൽ, പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥർ, വോട്ടിംഗ് മെഷീൻ, വിവിപാറ്റ്, പെയ്ഡ് ന്യൂസ്, വ്യാജ വാർത്ത, തിരഞ്ഞെടുപ്പ് ചെലവിന്റെ നിരീക്ഷണം തുടങ്ങി വിവിധ വിഷയങ്ങൾ വിശദീകരിച്ചു. എസ്. എസ്. ബിരാദർ, സമീറ നയിം, എം. ടി. അനിൽകുമാർ, എം. മണിമേഖല, എൻ. മഹേഷ്ബാബു എന്നിവരാണ് മാസ്റ്റർ ട്രെയിനർമാർ.