കേരളത്തിലെ എല്ലാ വിധത്തിലുമുള്ള ഗതാഗത സംവിധാനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മെച്ചപ്പെട്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ആറന്മുള നിയോജകമണ്ഡലത്തിലെ ആഞ്ഞിലിമൂട്ടില്‍ കടവ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 വികസനത്തിന്റെ വന്‍ വേലിയേറ്റമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനു ശേഷം ഇതുവരെ നൂറിലധികം പാലങ്ങള്‍ നിര്‍മിച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന മുന്നേറ്റത്തെ കണ്ടില്ല എന്നു നടിക്കാന്‍ ആര്‍ക്കുമാകില്ല. ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ആരാധനാലയങ്ങളിലേക്കുള്ള സഞ്ചാര പാതകള്‍ക്ക് പ്രത്യേക പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
  പമ്പാ നദിയിലൂടെ പള്ളിയോടങ്ങള്‍ക്ക്  പോകുവാന്‍ കഴിയും വിധമായിരിക്കും കോഴഞ്ചേരി പുതിയ പാലത്തിന്റെ നിര്‍മാണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമന്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍, കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാര്‍,  ജില്ലാ പഞ്ചായത്ത് അംഗം വിനീത അനില്‍, പന്തളം ബ്ലോക്ക് പഞ്ചായത്തംഗം എന്‍.എസ് കുമാര്‍, ആറന്മുള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് വേരുങ്കല്‍, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തംഗം ടി.ജി പ്രകാശ് കുമാര്‍, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തംഗം ഉഷാകുമാരി, മുന്‍ എം എല്‍ എ കെ.സി.രാജഗോപാല്‍, പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും ചീഫ് എഞ്ചിനീയര്‍ എം.എന്‍ ജീവരാജ്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. അനില്‍കുമാര്‍,  സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജി.ഉണ്ണികൃഷ്ണന്‍ നായര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരായ കെ.പി ഉദയഭാനു, എ.പി ജയന്‍,  അലക്സ് കണ്ണമല, മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, സനോജ് മേമന, സജു അലക്സാണ്ടര്‍, വിക്ടര്‍ ടി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പുതിയ കാലം പുതിയ നിര്‍മാണം എന്ന വികസന മുദ്രാവാക്യം ഏറ്റെടുത്ത് 13.5 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചതാണ് ആറന്മുള നിയോജമണ്ഡലത്തിലെ  ആഞ്ഞിലിമൂട്ടില്‍ കടവ് പാലം. ആറന്മുള മണ്ഡലത്തിലെ മാവേലിക്കര- കോഴഞ്ചേരി സംസ്ഥാന പാതയില്‍ കോഴിപ്പാലം ജംഗ്ഷന് സമീപം പമ്പ നദിക്ക് കുറുകെയാണ് ആഞ്ഞിലിമൂട്ടില്‍ കടവ് പാലം നിര്‍മിച്ചിരിക്കുന്നത്.  18 മാസം കൊണ്ടാണ് പാലം പണി പൂര്‍ത്തിയാക്കിയത്.