തദ്ദേശ സ്വയംഭരണ ബാലാവകാശ സംരക്ഷണ സമിതി അംഗങ്ങള്‍ക്കുള്ള ഏകദിന ശില്‍പശാല നടത്തി

കൊച്ചി: തദ്ദേശ സ്വയംഭരണ ബാലാവകാശ സംരക്ഷണ സമിതികള്‍ ജാഗ്രതാ സമിതികളായി പ്രവര്‍ത്തിക്കണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. തദ്ദേശ സ്വയംഭരണ ബാലാവകാശ സംരക്ഷണ സമിതി അംഗങ്ങള്‍ക്കുള്ള ഏകദിന ശില്‍പശാല കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് എതിരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരെയും ലൈംഗിക ചൂഷങ്ങള്‍ക്കെതിരെയും ജനപങ്കാളിത്തം ഉറപ്പ് വരുത്തണം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരുന്ന സിന്തറ്റിക്ക് ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്ക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഡോ. എം.പി. ആന്റണി മുഖ്യപ്രഭാഷണം നടത്തി. മാതാപിതാക്കളും കുട്ടികളും തമ്മില്‍ ശരിയായ ആശയ വിനിമയം നടക്കണം. കുട്ടികളുടെ സ്വഭാവ രൂപീകരണം വീടുകളില്‍ നിന്നാണ് ആരംഭിക്കേണ്ടത്. അച്ഛനും അമ്മയും ബന്ധുക്കളും മുതിര്‍ന്നവരും അയല്‍വാസികളും അദ്ധ്യാപകരും സമൂഹവും ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിലും പേരന്റിങ്ങിലും പങ്കാളിയാകുന്നുണ്ട്. പേരന്റിങ്ങില്‍ വീഴ്ച്ച വരുന്നത് കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ പുരോഗതിയെ ദോഷകരമായി ബാധിക്കും.

ബാല സംരക്ഷണ സംവിധാനങ്ങളും സേവനങ്ങളും ബാലനീതി നിയമത്തിന്റെ/ ഐ സി പി എസ് പദ്ധതിയുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ എറണാകുളം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സൈന കെ. ബി ക്ലാസ് എടുത്തു. തുടര്‍ന്ന് എറണാകുളം ജില്ലാ പ്ലാനിംഗ് ഓഫീസിലെ റിസര്‍ച്ച് ഓഫീസര്‍ വിദ്യ കെ. കുട്ടികളുടെ അവകാശ സംരക്ഷണ പദ്ധതികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ പദ്ധതി രൂപീകരണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ ശാക്തീകരണം സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ സമീപനം എന്ന വിഷയത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഡോ. എം.പി. ആന്റണി ക്ലാസെടുത്തു.
അതിനുശേഷം മാതൃകാപദ്ധതി അവതരണവും ഗ്രൂപ്പ് ചര്‍ച്ചയും സംഘടിപ്പിച്ചു.

കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ പിന്തുണയോടെയാണ് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചത്.

കൊച്ചിന്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.ബി. സാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.എച്ച് നദീറ, തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വള്ളി രവി, നോര്‍ത്ത് പറവൂര്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ജലജ രവീന്ദ്രന്‍ ജില്ലയിലെ 12 മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ബാലസംരക്ഷണ സമിതി അംഗങ്ങള്‍, ഐ സി ഡി എസ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.