ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ആർദ്രം ദൗത്യത്തിന്റെ ഭാഗമായി പുതുതായി 40 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചതായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും സെക്രട്ടറിമാരുടെയും കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
40 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുമ്പോൾ അടിസ്ഥാനസൗകര്യങ്ങളിലും സേവനങ്ങളിലും വലിയ മാറ്റമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും എണ്ണം സർക്കാർ മാനദണ്ഡപ്രകാരം വർധിക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് ശേഷം 2 മുതൽ 6 വരെ ഒ.പി.സൗകര്യം ജനങ്ങൾക്ക് ലഭിക്കും. ആർദ്രം പദ്ധതിയിലൂടെ മികച്ച രോഗി സൗഹൃദ സൗകര്യങ്ങൾ ഏർപ്പെടുത്തും. വിശാലമായ വിശ്രമിക്കാനുള്ള ഇടം, ഒ.പിയിൽ നിലവാരമുള്ള ഇരിപ്പിടങ്ങൾ, നല്ല ടോയ്‌ലറ്റ്, കുടിവെള്ളം തുടങ്ങിയവയെല്ലാം ഇവിടെ ഉണ്ടാവും. കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറുന്നതിന് ഇപ്പോഴുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരും പഞ്ചായത്ത് പ്രസിഡണ്ടുമാരും ജാഗ്രതയോടെ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ഈ വർഷം തന്നെ ഈ മാറ്റം ആരോഗ്യരംഗത്ത് കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കെട്ടിടം എടുക്കൽ, അല്ലെങ്കിൽ നിലവിലുള്ളത് ക്രമീകരിക്കൽ, ഡോക്ടറെയും ജീവനക്കാരെയും ആവശ്യമെങ്കിൽ നിയമിക്കൽ എന്നിവയ്ക്ക് പ്ലാൻ ഫണ്ട് വിനിയോഗിക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ 44 താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ് തയ്യാറായി. ജില്ലാ ആശുപത്രികളിലേക്ക് കാത്ത്ലാബ് അനുവദിച്ചു. ചിലതിന്റെ ഉദ്ഘാടനം നടത്തി. മറ്റുള്ളവ ഒരുവർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞവർഷം സംസ്ഥാനത്ത് 170 പി.എച്ച്.സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ സർക്കാർ തീരുമാനിക്കുകയും ഏറെക്കുറെ അത് പൂർത്തീകരിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പിൽ 830 പുതിയ തസ്തികകൾ സൃഷ്ടിച്ചു. ആലപ്പുഴ ജില്ലയിൽ ആദ്യഘട്ടത്തിൽ പൂർത്തിയാക്കാൻ ബാക്കിയുള്ളത് ഒരുമാസത്തിനകം തുടങ്ങണമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് കേരളത്തിലാണ്. മാതൃ മരണനിരക്കും നിശ്ചയിച്ച പരിധിക്കും വളരെ താഴ്ത്തി കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞു. ഒരു ലക്ഷം പ്രസവത്തിന് 46 ആണ് കേരളത്തിന്റെ മാതൃമരണ നിരക്ക്. ഇത് കേന്ദ്രം നിശ്ചയിച്ചതിലും താഴെയാണ്. വികസിത രാജ്യങ്ങൾക്കൊപ്പമാണ് നാം ആരോഗ്യ സൂചികയിൽ നിൽക്കുന്നത്. പക്ഷേ പകർച്ചവ്യാധിയും ജീവിതശൈലി രോഗങ്ങളും നമുക്ക് വലിയ ഭീഷണി ഉയർത്തുന്നുണ്ട്. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ചികിത്സാ ചെലവുള്ള ഇക്കാലത്ത് മികച്ച ചികിത്സ അവർക്ക് എത്തിച്ചുകൊടുക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. സർക്കാർ ആരോഗ്യ മേഖലയിലെ പ്രാഥമിക തലത്തിൽ ആർദ്രം മിഷനിലൂടെ വലിയ മാറ്റങ്ങൾക്ക് ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, എ.ഡി.എം അബ്ദുൾ സലാം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതകുമാരി, എൻ.എച്ച്.എം ജില്ലാ പ്രോജക്ട് മാനേജർ ഡോ.കെ.ആർ.രാധാകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പി.എച്ച്.സികൾ ചുവടെ: സി.എച്ച്.സി പെരുമ്പളം, പി.എച്ച്.സി ചേർത്തല തെക്ക്, വയലാർ, പള്ളിത്തോട്, വള്ളികുന്നം, നൂറനാട്, ചെട്ടികുളങ്ങര, തകഴി, ചെറിയനാട്, കാർത്തികപ്പള്ളി, കരുവാറ്റ, ജി.എഫ്.എച്ച് പല്ലന, ആര്യാട്, തോട്ടപ്പള്ളി, പുറക്കാട്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, മാരാരിക്കുളം വടക്ക്, വള്ളെത്തോട്, പാണാവള്ളി, തുറവൂർ സൗത്ത്, കടക്കരപ്പള്ളി, തഴക്കര, താമരക്കുളം, ഭരണിക്കാവ്, കൃഷ്ണപുരം, ദേവികുളങ്ങര, പത്തിയൂർ, കാവാലം, വീയപുരം, രാമങ്കരി, കുപ്പപ്പുറം, വെൺമണി, എരമല്ലിക്കര, പുലിയൂർ, മുളക്കുഴ, കാടാംപൂർ, ചിങ്ങോലി, ജി.എഫ്.ഡി ആറാട്ടുപുഴ, എഴുപുന്ന.